പൂരക്കളിയില്‍ കേമന്മാര് മേമുണ്ട തന്നെ
1244677
Thursday, December 1, 2022 12:27 AM IST
വടകര: പൂരക്കളി ഹയര്‍ സെക്കൻഡറി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മേമുണ്ട സ്കൂള്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി തെളിയിച്ചു. തുടര്‍ച്ചയായി ഇരുപത്തിയാറാം തവണയാണ് മേമുണ്ട സ്കൂള്‍ ഹൈസ്ക്കൂള് പൂരക്കളി മത്സരത്തില്‍ വിജയിക്കുന്നത്. ഹയര്‍സെക്കൻഡറി വിഭാഗം തുടര്‍ച്ചയായി ഇരുപതാം തവണയാണ് വിജയിക്കുന്നത്. ഇങ്ങനെ പൂരക്കളി മത്സര വിജയത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മേമുണ്ട സ്കൂള്‍. ഇതിനിടയില്‍ കോവിഡ് മൂലം രണ്ട് വര്‍ഷം മാത്രമാണ് ഇടവേള വന്നത്. കാസര്‍കോട് സ്വദേശി മാണിയാട്ട് നാരായണന് ആശാനാണ് കഴിഞ്ഞ 26 വര്‍ഷവും മേമുണ്ടയില്‍ പൂരക്കളി പഠിപ്പിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാന കലയാണ് പൂരക്കളി. 12 പേരടങ്ങുന്ന ടീമാണ് പൂരക്കളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ സാരംഗ് സജീവ് ആൻഡ് ടീമും, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ അഭിഷേക് ആൻഡ് ടീമുമാണ് ഒന്നാം സ്ഥാനം നേടിയത്.