വയോജനങ്ങൾക്ക് കൈത്താങ്ങായി നാദാപുരം പഞ്ചായത്ത്
1224039
Saturday, September 24, 2022 12:04 AM IST
നാദാപുരം: സാങ്കേതിക കാരണങ്ങളാൽ സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാത്തവർക്ക് വയോജനനിധിയുമായി നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡ്. വാർഡിലെ വയോജനങ്ങൾക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വയോജനനിധി രൂപീകരിച്ച് പെൻഷനെത്തിക്കാൻ വാർഡിൽ നടന്ന വയോജന സംഗമത്തിൽ തീരുമാനിച്ചു.
ഇതിനായി വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 60 വയസ് കഴിഞ്ഞവരുടെ വിവരങ്ങൾ പ്രത്യേക ഫോറത്തിൽ ശേഖരിച്ചു. ഇതിൽനിന്ന് അർഹരായവർക്ക് പെൻഷൻ എത്തിക്കും. കല്ലാച്ചി എംഎൽപി സ്കൂളിൽ നടന്ന വയോജന സംഗമം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ അധ്യക്ഷനായി. വയോജനങ്ങൾ അറിയേണ്ട നിയമങ്ങളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ് ക്ലാസെടുത്തു. പഞ്ചായത്തിലെ വയോജന അയൽക്കൂട്ടം രൂപീകരണം സംബന്ധിച്ച് ബ്ലോക്ക് വയോജന സഭയുടെ വൈസ് പ്രസിഡന്റ് പി.കെ. ദാമു, വാർഡ് വികസന സമിതി കൺവീനർ ശഹീർ മുറിച്ചാണ്ടി എന്നിവർ പ്രസംഗിച്ചു.