കുടിവെള്ള വിതരണം മുടങ്ങി : ഊർങ്ങാട്ടിരി മൈത്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ
1592628
Thursday, September 18, 2025 6:08 AM IST
ഊർങ്ങാട്ടിരി : മൈത്ര കുടിവെള്ള പദ്ധതി കടുത്ത പ്രതിസന്ധിയിൽ. 1984ൽ എം.പി. ഗംഗാധരൻ ജല വിഭവ വകുപ്പ് മന്ത്രിയായിരിക്കെ സ്ഥാപിച്ച കുടിവെള്ള പദ്ധതിയാണ് 41 വർഷങ്ങൾക്ക് ശേഷവും കമ്മീഷൻ ചെയ്ത കാലത്തെ അതേ അവസ്ഥ നേരിടുന്നത്.
നാല് പതിറ്റാണ്ടിന്റെ കാലപ്പഴക്കവും പ്രളയം കാരണമോ ചാലിയാറിലെ അമിത ജല പ്രവാഹമോ കാരണം ഉണ്ടായിട്ടുള്ള പോരായ്മകൾക്കും കേടുപാടുകൾക്കും ഒരു പരിഹാരവുമായിട്ടില്ല. ഇപ്പോൾ മഴക്കാലമായിട്ടും തുടർച്ചയായ 15 ദിവസം കുടിവെള്ള വിതരണം മുടങ്ങി.
ചാലിയാർ പുഴയിലുള്ള കിണറിൽ വെള്ളമില്ലാത്തതാണ് ജലവിതരണം തടസപ്പെടുന്നത്. വൻതോതിൽ ചെളി അടിഞ്ഞു കൂടിയത് കാരണം വെള്ളം പന്പ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. 500 കുടുംബങ്ങൾക്ക് മാത്രമായി ആരംഭിച്ച പദ്ധതിയിപ്പോൾ 13 വാർഡുകളിലെ 5000ത്തിലേറെ കുടുംബങ്ങളാണ് ആശ്രയിക്കുന്നത്. ആരംഭ കാലത്തുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്ത് മടങ്ങായി വർധിച്ചിട്ടും പദ്ധതിയുടെ എല്ലാ മേഖലയുടെയും ശേഷി പഴയത് തന്നെയാണ്.
41 വർഷം മുന്പത്തെ പൈപ്പുകൾ തന്നെയാണ് ഇപ്പോഴും മിക്കയിടങ്ങളിലുമുള്ളത്. ഇവ പലപ്പോഴും പൊട്ടുന്നു. കുടിവെള്ളം ശുദ്ധീകരിക്കാൻ ട്രീറ്റ്മെന്റ് പ്ലാന്റില്ല. ബ്ലീച്ചിംഗ് പൗഡർ വിതറി ക്ലോറിനേഷൻ നടത്തുകയാണ് ചെയ്യുന്നത്. ജലസംഭരണിയുടെ തൂണും മേൽഭാഗവും ദ്രവിച്ചു കന്പി പുറത്തു കാണുന്ന നിലയിലാണ്. പന്പിംഗ് മെയിൻ ദ്രവിച്ചിരിക്കുന്നു.
ജലജീവൻ മിഷൻ ഫണ്ട് ഉപയോഗിച്ച് പദ്ധതി നവീകരിക്കുകയോ പുതിയ പദ്ധതി നടപ്പാക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് ഉൗർങ്ങാട്ടിരി മണ്ഡലം കോണ്ഗ്രസ് നേതാക്കൾ അരീക്കോട് വാട്ടർ അഥോറിറ്റി എഇയുടെ ഓഫീസിൽ ഉപരോധ സമരം നടത്തി. എഇ വർഷയ്ക്ക് നിവേദനവും നൽകി. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോണ്ഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് അനൂപ് മൈത്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. മുഹമ്മദ്കുട്ടി, അംഗങ്ങളായ കെ. രായിൻകുട്ടി, ടി. അനുരൂപ്, ബ്ലോക്ക് സെക്രട്ടറി എം. മുനീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
photo :
ഊർങ്ങാട്ടിരി മൈത്ര കുടിവെള്ള പദ്ധതിയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി മണ്ഡലം കോണ്ഗ്രസ് നേതാക്കൾ അരീക്കോട് വാട്ടർ അഥോറിറ്റി എഇയ്ക്ക് നിവേദനം നൽകുന്നു.