ഭാരതീയ വിദ്യാനികേതൻ ശാസ്ത്രമേള പെരിന്തൽമണ്ണയിൽ
1592609
Thursday, September 18, 2025 5:22 AM IST
പെരിന്തൽമണ്ണ: ഭാരതീയ വിദ്യാനികേതൻ സംസ്ഥാനതലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുന്നു. ഈ അധ്യയന വർഷത്തെ ശാസ്ത്രമേള പ്രജ്ഞാനുഭവ് എന്ന പേരിൽ 20, 21 തിയതികളിൽ പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടക്കും. കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ പ്രഫസർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷൻ ആർ.വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
ബാല (യുപി), കിഷോർ (എച്ച്എസ്), തരുണ (എച്ച്എസ്എസ്) വിഭാഗങ്ങളിലായി 44 മത്സരയിനങ്ങളാണുള്ളത്. ശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളിൽ മാതൃകകൾ, പരീക്ഷണങ്ങൾ, പേപ്പർ പ്രസന്റേഷൻ, ക്വിസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മേളയിൽ പങ്കെടുക്കും. ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ജനറൽ കണ്‍വീനർ പി. ഹരിദാസ് സംസ്ഥാന പ്രചാർ പ്രമുഖ് കെ.വി.സജിത്തിന് നൽകി പ്രകാശനം ചെയ്തു വാർത്താ സമ്മേളനത്തിൽ കെ.വി. സജിത്ത് (സംസ്ഥാന പ്രചാർ പ്രമുഖ്), എം. ജയപ്രകാശ് (ജില്ലാ സെക്രട്ടറി), പി. ഹരിദാസ് (പ്രോഗ്രാം ജനറൽ കണ്‍വീനർ), കെ. കൃഷ്ണകുമാർ (മാനേജർ) എന്നിവർ പങ്കെടുത്തു.