തേക്ക് ഡിപ്പോ പ്രിയങ്കഗാന്ധി സന്ദർശിച്ചു
1592640
Thursday, September 18, 2025 6:13 AM IST
നിലന്പൂർ:വനം വകുപ്പിന്റെ അംഗീകൃത തടി ഡിപ്പോയായ അരുവാക്കോട് സെൻട്രൽ ഡിപ്പോ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു.
ഇന്നലെ വൈകുന്നേരം 4.30 തോടെയായിരുന്നു സന്ദർശനം. ഡിപ്പോയിൽ എത്തിയ പ്രിയങ്കഗാന്ധിയെ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി.ധനേഷ് കുമാർ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാൽ, എസിഎഫ് അനീഷ സിദ്ദീഖ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഡിപ്പോ ചുറ്റി നടന്ന് കണ്ട പ്രിയങ്കഗാന്ധി ഡിപ്പോയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. ലോക പ്രശസ്തമായ നിലന്പൂർ തേക്കുകൾ വിൽക്കുന്ന അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ എത്തിയ പ്രിയങ്ക നിലന്പൂർ തേക്കുകൾ നേരിൽ കണ്ടു.
തേക്കിന്റെ ഗുണമേൻമ, ഡിപ്പോയുടെ പ്രവർത്തനങ്ങൾ എന്നിവയും മനസിലാക്കി. നെഹ്റു കുടുംബത്തിൽ നിന്ന് ഒരംഗം ആദ്യമായാണ് വനം വകുപ്പിന്റെ ഡിപ്പോ സന്ദർശിക്കുന്നത്. എംഎൽഎമാരായ ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.