വിദ്യാർഥികളുടെ ഫീസ് വർധനവ്: യുഡിഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി
1592612
Thursday, September 18, 2025 5:22 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് യുഡിഎസ്എഫ് പ്രതിഷേധ സമരം. യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർഥി വിവേചനം അവസാനിപ്പിക്കുക, സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പും വിദ്യാർഥി സെനറ്റ് തെരഞ്ഞെടുപ്പും ഉടൻ പൂർത്തിയാക്കുക, ഫീസ് വർധനവ് പിൻവലിക്കുക, ഗവേഷക വിദ്യാർഥികൾക്ക് സ്വതന്ത്ര യൂണിയൻ രൂപീകരിക്കുക, കാന്പസിലെ ബസ് സംവിധാനം സൗജന്യമാക്കുക, ഇന്റഗ്രേറ്റഡ് പിജി വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് റൂം ഒരുക്കുക, ഹോസ്റ്റൽ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.
യൂത്ത് കോണ്ഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ടി.പി. അഫ്താഫ് ഉദ്ഘാടനം ചെയ്തു. യുഡിഎസ്എഫ് ചെയർമാൻ എസ്.ആർ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറന്പ് മുഖ്യപ്രഭാഷണം നടത്തി.
കഐസ്യു സംസ്ഥാന ട്രഷറർ കെ.കെ.ബി.ആദിൽ, നിയാസ് കോഡൂർ, സലാഹുദീൻ തെന്നല, സഫ് വാൻ പത്തിൽ, പി.കെ. മുബഷീർ, കെ.പി. അശ്വിൻ നാഥ് തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി. സമരത്തെ തുടർന്ന് സിൻഡിക്കറ്റ് അംഗങ്ങളുമായി നേതാക്കൾ ചർച്ച നടത്തി.