ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്തി
1592630
Thursday, September 18, 2025 6:08 AM IST
എരമംഗലം:മാറഞ്ചേരിയിൽ ബൈക്ക് യാത്രികനെ ഇടിച്ച് പരിക്കേൽപിച്ച് നിർത്താതെ പോയ വാഹനം പെരുന്പടപ്പ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ഒന്പതിന് പുലർച്ചെ ആറു മണിയോടെ മാറഞ്ചേരി നാക്കോലയിൽ വച്ചാണ് ബൈക്ക് യാത്രികനായ വെളിയംകോട് സ്വദേശി ദിനേഷ് കുമാറിന് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോവുകയായിരുന്നു.
പരിക്കേറ്റ ദിനേഷ്കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പെരുന്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തിൽ സിപിഒമാരായ സുജിത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് നടത്തിയ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മാറഞ്ചേരി പുളിക്കടവിലുള്ള വീട്ടിൽ നിന്ന് കാർ കണ്ടെത്തിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന ആളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.