അന്പതിന്റെ തിളക്കവുമായി 50 രൂപ നോട്ട്
1592611
Thursday, September 18, 2025 5:22 AM IST
മഞ്ചേരി: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം റിസർവ് ബാങ്ക് 50 രൂപയുടെ കറൻസി അച്ചടിക്കാൻ തുടങ്ങിയിട്ട് 50 വർഷം പൂർത്തിയാകുന്നു.
ചുവപ്പ്, വയലറ്റ്, പച്ച നിറങ്ങൾ സമന്വയിപ്പിച്ച് 1975 സെപ്റ്റംബർ 16 നാണ് ഈ നോട്ട് ആദ്യമായി പുറത്തിറക്കിയത്. അന്ന് റിസർവ് ബാങ്ക് ഗവർണറായിരുന്ന എസ്. ജഗനാഥന്റെ കൈയൊപ്പോടു കൂടിയായിരുന്നു നോട്ട് ഇറങ്ങിയത്. ഇന്ത്യൻ പാർലമെന്റിന്റെ ചിത്രമായിരുന്നു പിൻഭാഗത്ത്.
1977-ൽ രണ്ടാമതായി പുറത്തിറക്കിയ 50 രൂപ കറൻസിയിൽ അശോക സ്തംഭത്തിന് താഴെയായി ദേവനാഗരി ലിപിയിൽ സത്യമേവ ജയതേ എന്ന വാക്യം കൂട്ടിച്ചേർത്തു. പിന്നീട് അശോകസ്തംഭത്തിന് പകരം മഹാത്മാഗാന്ധിയുടെ ചിത്രം ഇടം നേടി. നേരത്തെയുണ്ടായിരുന്ന ഭാഷകൾക്കൊപ്പം കൊങ്കിണി, നേപ്പാളി ഭാഷകളും കൂട്ടിച്ചേർത്തു.
എസ്. ജഗനാഥൻ ഉൾപ്പെടെ പതിനാല് റിസർവ് ബാങ്ക് ഗവർണർമാർ 50 രൂപ നോട്ടിൽ ഒപ്പിട്ടിട്ടുണ്ട്. അരനൂറ്റാണ്ടിനിപ്പുറം വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമായി 50 രൂപ നോട്ട് നമ്മുടെയെല്ലാം കൈകളിലൂടെ കടന്നുപോയ നോട്ടുകൾ ഒരു നിധി പോലെ സൂക്ഷിക്കുകയാണ് മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും പുരാവസ്തു സൂക്ഷിപ്പുകാരനുമായ അബ്ദുൾ അലി.
ഗാന്ധിജിയുടെ പൂർണകായ ചിത്രമുള്ള നോട്ടുകൾ ഉൾപ്പെടെ ഒട്ടനവധി ഇന്ത്യൻ കറൻസികൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.