ഏലംകുളം പഞ്ചായത്ത് ഓഫീസിലേക്ക് ആക്ഷൻ കമ്മിറ്റി മാർച്ച് നടത്തി
1592631
Thursday, September 18, 2025 6:08 AM IST
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ആക്ഷൻ കമ്മിറ്റി മാർച്ച് നടത്തി.
പുതുക്കിപ്പണിത കുന്നക്കാവിലെ ഹെൽത്ത് സബ് സെന്ററിന് സ്ഥലം സൗജന്യമായി വിട്ടുനൽകിയ പുതുമന വാസുദേവൻ നന്പൂതിരിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് 1200ലധികം പേർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചിരുന്നു. ഈ വിഷയം ഭരണ സമിതി യോഗത്തിൽ അജണ്ട വച്ച് ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ അഞ്ചാം വാർഡ് മെംബർ പിടിച്ചുവാങ്ങി ചുരുട്ടിയെറിഞ്ഞ് വായിക്കാൻ സമ്മതിക്കാതെ യോഗം പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഏലംകുളം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് കവാടത്തിന് മുന്നിൽ പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. സുകുമാരൻ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർപേഴ്സനും ഒന്‍പതാം വാർഡ് മെംബറുമായ സൽമ കുന്നക്കാവ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം നാലകത്ത് ഷൗക്കത്ത്, ഹുസൈൻ മാടാല, മണികണ്ഠൻ കടന്നമംഗലത്ത്, കണ്‍വീനർ ഫൈസൽ കുന്നക്കാവ്, അഡ്വ. വി.പി. ജലീൽ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ഹൈറുന്നിസ, ശ്രീനിവാസൻ, ഗിരിജ, ഭാരതി, ഫസീല എന്നീ വാർഡ് മെംബർമാർ അടക്കം നേതൃത്വം നൽകി.