നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിണറായിസത്തിന് അന്ത്യം കുറിക്കുമെന്ന്
1545290
Friday, April 25, 2025 5:43 AM IST
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനും റിയാസിത്തിനും അന്ത്യം കുറിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പി.വി. അൻവർ. പിണറായിസത്തിന് അന്ത്യം കുറിക്കാനാണ് താൻ എംഎൽഎ സ്ഥാനം രാജിവച്ചത്. അതിനാൽ തന്നെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയമാണ് ലക്ഷ്യമെന്നും പി.വി. അൻവർ പറഞ്ഞു.
യുഡിഎഫ് വിജയം ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ തന്റെ പ്രധാന ലക്ഷ്യം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയാണ്.
പിണറായി വിജയന്റെ ഭരണത്തെ തോൽപ്പിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കുമെന്നും പി.വി. അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ കോൺഗ്രസുമായി പ്രാഥമിക ചർച്ച നടത്തി കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും അടുത്ത രണ്ടു ദിവസത്തിനകം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എകെജി സെന്റർ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരേ രൂക്ഷ വിമർശനമാണ് പി.വി. അൻവർ നടത്തിയത്. സിപിഎം അഖിലേന്ത്യാജനറൽ സെക്രട്ടറി എം.എ. ബേബിയെ കാഴ്ചക്കാരനാക്കി മാറ്റി. പിണറായി വിജയൻ സ്വന്തം കുടുംബാധിപത്യമാണ് അവിടെ കാണിച്ചത്. സംസ്ഥാന സെക്രട്ടറിയെപ്പോലും അകറ്റി നിർത്തിയത് ഇടതുപക്ഷ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.