മൂലേപ്പാടത്തെ വിറപ്പിച്ച് കാട്ടാനകൾ; നിസഹായരായി മലയോര കർഷകർ
1592887
Friday, September 19, 2025 5:36 AM IST
നിലമ്പൂർ: മൂലേപ്പാടത്തെ വിറപ്പിച്ച് കാട്ടാനകൾ. രാത്രി മയങ്ങുന്നതോടെ കാട്ടാനകൾ കൃഷിയിടങ്ങളിലേക്കിറങ്ങുകയാണ്. ചാലിയാർ പഞ്ചായത്തിൽ മലയോര കർഷകർ തിങ്ങിപാർക്കുന്ന ഇടിവണ്ണ എച്ച് ബ്ലോക്ക് മുതൽ മൂലേപ്പാടം വരെയുള്ള 50 ലേറെകുടുംബങ്ങൾ ഭീതിയിലാണ്.
ഇന്നലെ രാത്രി മൂലേപ്പാടത്ത് ഇറങ്ങിയ കാട്ടാനകൾ പൊട്ടിപ്പാറ വിജയൻ, കല്ലിങ്ങൽ മുസ്തഫ, കല്ലുണ്ട സ്വദേശി മോഹൻദാസ് എന്നിവരുടെ കൃഷിയിടത്തിൽ വ്യാപക നാശമാണ് വിതച്ചത്. കഴിഞ്ഞ 10 ദിവസമായി കാട്ടാനകൾ ഇവിടെ തമ്പടിക്കുകയാണ്.
വർഷങ്ങളായി കർഷകർ സംരക്ഷിച്ചുവരുന്ന തെങ്ങിൻ തോട്ടങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയാണ്. മോഹൻദാസിന്റെയും മുസ്തഫയുടെയും വിജയന്റെയും ഒന്പതേക്കർ വരുന്ന കൃഷിയിടത്തിലെ കൃഷികളിൽ 80 ശതമാനവും തകർത്തു. സോളാർ വേലികൾ, ഗേയ്റ്റുകൾ ഉൾപ്പെടെ ആനകൾ തകർക്കുകയാണ്.