തളി ക്ഷേത്ര ജംഗ്ഷനിലെ കുരുക്കഴിക്കാൻ ബദൽ റോഡ് റബറൈസിംഗ് തുടങ്ങി
1592883
Friday, September 19, 2025 5:36 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളി ക്ഷേത്ര ജംഗ്ഷനിൽ വാഹനങ്ങൾ വലത്തോട്ട് തിരിയുന്നത് മൂലമുള്ള ഗതാഗതകുരുക്ക് ഒഴിവാക്കാൻ ഓരാടംപാലത്ത് നിന്ന് തന്നെ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിന് പഞ്ചായത്ത് ഭരണസമിതിയും മഞ്ഞളാംകുഴി അലി എംഎൽഎയും കൈകോർത്തുക്കൊണ്ട് ബദൽ റോഡ് റബറൈസിംഗ് ജോലികൾ ആരംഭിച്ചു.
ഓരാടംപാലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് ചെരക്കാപറമ്പ് വലിയവീട്ടിൽ പടിയിൽ എത്തിച്ചേരുന്ന റോഡ് വീതി കൂട്ടി റബറൈസ് ചെയ്യുകയും കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടുകയും ചെയ്യും.
അങ്ങാടിപ്പുറം തളി ക്ഷേത്ര ജംഗ്ഷനിലെത്തി വലത് ഭാഗത്തേക്ക് വളാഞ്ചേരിയിലേക്കും കോട്ടക്കലിലേക്കും വാഹനങ്ങൾ തിരിയുന്നത് മൂലമുള്ള തടസവും അപ്പോൾ രൂപപ്പെടുന്ന ഗതാഗത കുരുക്കും ഇത് വഴി ഒഴിവാക്കാം. ഇതിനായി അങ്ങാടിപ്പുറം പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് 50 ലക്ഷം രൂപയും മഞ്ഞളാംകുഴി അലി എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയും വകയിരുത്തി കൊണ്ടാണ് റോഡിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്.
റോഡ് വീതി കൂട്ടുന്നതിന്റെയും സോളിംഗ്, മെറ്റലിംഗ് പ്രവൃത്തികളും കഴിഞ്ഞു. മഴ പൂർണമായും മാറുന്നതോടെ റബറൈസിംഗും നടക്കും.ഒരാടംപാലം-വൈലോങ്ങര ബൈപാസ് യാഥാർഥ്യമാകുന്നത് വരെ വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ റോഡ് വലിയ ആശ്വാസമാകും.