കൃഷിയിടത്തിൽ ശുചിമുറി മാലിന്യം തള്ളിയതായി പരാതി
1536070
Monday, March 24, 2025 5:59 AM IST
നിലന്പൂർ: വിഷുവിന് വിളവെടുക്കാൻ തയാറാക്കിയ പച്ചക്കറി കൃഷിയിടത്തിൽ സാമൂഹികവിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. നിലന്പൂർ - കരുളായി സംസ്ഥാന പാതയോരത്ത് മുതീരിയിൽ റിട്ട. ജോയിന്റ് ബിഡിഒ ടി.പി. രാമചന്ദ്രന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാത്രിയാണ് ശുചിമുറി മാലിന്യം തള്ളിയത്.
ഇന്നലെ രാവിലെ പയറിന്റെ വിളവെടുപ്പിന് എത്തിയപ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1.25 ഏക്കറിൽ മാലിന്യം പരന്നൊഴുകിയത് കണ്ടു. റോഡരികിൽ വാഹനം നിർത്തി മാലിന്യം കൃഷിയിടത്തിൽ തള്ളിയതിന്റെ അടയാളങ്ങളുണ്ട്.
രണ്ട് വർഷം മുന്പ് ഇതേ സ്ഥലത്ത് ശുചിമുറി മാലിന്യം തള്ളിയിരുന്നു. ആറ് മാസം മുന്പ് ശ്രമം നടന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിക്കണമെന്ന് ടി.പി.രാമചന്ദ്രൻ രണ്ട് വർഷം മുന്പ് നഗരസഭക്ക് നിവേദനം നൽകിയതാണ്.
കുറ്റക്കാരെ കണ്ടെത്താൻ നിലന്പൂർ പോലീസിൽ പരാതി നൽകി. ഇന്ന് നഗരസഭാധികൃതർക്ക് പരാതി നൽകുമെന്ന് രാമചന്ദ്രൻ പറഞ്ഞു.