പുലാമന്തോളിൽ എംസിഎഫ് സംവിധാനമായി
1536066
Monday, March 24, 2025 5:55 AM IST
ചെമ്മലശേരി: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്മലശേരി രണ്ടാംമൈലിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) യുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു.
ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ ശേഖരിച്ച് അതത് വാർഡുകളിൽ താത്കാലികമായി സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള മാർഗം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധന സാമഗ്രി ഘടകത്തിൽ ഉൾപ്പെടുത്തി ഒരു വാർഡിൽ ഒരെണ്ണം എന്ന നിലയിലാണ് ഇരുപത് മിനി എംസിഎഫുകൾ സ്ഥാപിക്കുന്നത്.
ഇവിടെ നിന്ന് പ്രധാന എംസിഎഫിലേക്ക് മാറ്റപ്പെടുന്ന പാഴ്വസ്തുക്കൾ തരംതിരിച്ചതിനു ശേഷമാണ് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കന്പനിക്ക് കൈമാറുന്നത്. വാർഡ് മെന്പർ എൻ.പി. റാബിയ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം വി.പി. മുഹമ്മദ് ഹനീഫ, രണ്ടാം അങ്കണവാടി വർക്കർ കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.