കാപ്പ ചുമത്തി രണ്ടുപേരെ തടവിലാക്കി
1535668
Sunday, March 23, 2025 5:53 AM IST
പെരുന്പടപ്പ്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കുറ്റകരമായ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം, സംഘം ചേർന്ന് ആയുധംകൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി തടവിലാക്കി.
പെരുന്പടപ്പ് പാലപ്പെട്ടി അന്പലം ബീച്ച് തെക്കുട്ട് വീട്ടിൽ ആക്കിഫ്, (26), പാലപ്പെട്ടി വെളിയങ്കോട് ആലുങ്ങൽ വീട്ടിൽ ഹിദായത്തുള്ള, (35) എന്നിവരെയാണ് കാപ്പ നിയമ പ്രകാരം പെരുന്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം കളക്ടർ വി.ആർ. വിനോദ് ആണ് ഉത്തരവിറക്കിയത്.
2023 വർഷം കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കിയ ആക്കിഫ് ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും അടിപിടി കേസിൽ പോലീസിന്റെ പിടിയിലായി ഈ മാസമാണ് ജയിലിൽ നിന്നിറങ്ങിയത്. ഒരുതവണ കാപ്പ ചുമത്തിയ പ്രതി വീണ്ടും കേസിൽ ഉൾപ്പെട്ടാൽ പിന്നെ ഒരു വർഷത്തെ തടവാണ് പ്രതിക്ക് ലഭിക്കുക.
തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ആക്കിഫ്, ഹിദായത്തുള്ള എന്നിവരെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.