ക്ലബ് പ്രവർത്തകർക്കെതിരേ കൊലവിളി; യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
1535667
Sunday, March 23, 2025 5:53 AM IST
കരുവാരകുണ്ട്: ക്ലബ് പ്രവർത്തകർക്കെതിരേ കൊലവിളി നടത്തിയ ലഹരി സംഘത്തിൽപ്പെട്ട യുവാവിനെ അതേ ക്ലബ് പ്രവർത്തകർ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പാണ്ടിക്കാട് പെരുന്പുല്ല് സ്വദേശി എലിപ്പാറ്റ പ്രജീഷി (28)നെയാണ് തുവൂർ തെക്കുംപുറം ഗാലക്സി ക്ലബ് പ്രവർത്തകർ പിടികൂടി കരുവാരകുണ്ട് പോലീസിന് കൈമാറിയത്.
ഏതാനും ദിവസങ്ങൾക്ക് മുന്പ് കഞ്ചാവ് ഉപയോഗിച്ച മൂവർ സംഘത്തെ ക്ലബ് പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ലഹരി മാഫിയ സംഘം ക്ലബ് പ്രവർത്തകരെ ഫോണിൽ വിളിച്ച് കൊലവിളി നടത്തി. കരുവാരകുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഗാലക്സി ക്ലബ് പ്രവർത്തകരും തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്തിയാണ് കൊലവിളി മുഴക്കിയത് പ്രജീഷാണെന്ന് കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഗാലക്സി ക്ലബ് പ്രവർത്തകർ പെരുന്പുല്ല് മയ്യംമലയിലെ പ്രജീഷിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പിന്നീട് കരുവാരകുണ്ട് എസ്ഐ അരവിന്ദാക്ഷനും സംഘവുമെത്തി പ്രജീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.