ലക്ഷങ്ങൾ മുടക്കി പണിത ആശുപത്രി കെട്ടിടം കാടുമൂടി നശിക്കുന്നു
1535655
Sunday, March 23, 2025 5:46 AM IST
കരുവാരകുണ്ട്: ലക്ഷങ്ങൾ മുടക്കി പുന്നക്കാട് നിർമിച്ച ഗവണ്മെന്റ് ആയുർവേദ ആശുപത്രി കെട്ടിടം കാടുമൂടി നശിക്കുന്നു. പുന്നക്കാട് ഗവണ്മെന്റ് എൽപി സ്കൂളിനും മൈതാനത്തിനും സമീപമാണ് ആയുർവേദ ആശുപത്രിക്ക് കെട്ടിടം പണിതത്. എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
തുടർന്ന് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. 2019ൽ കെട്ടിടം പൂർത്തിയായെങ്കിലും ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം ഇതുവരെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല.
ഗവണ്മെന്റ് ആയുർവേദ ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നത് പുതിയ കെട്ടിടത്തിന് സമീപത്തെ ഗവണ്മെന്റ് എൽപി സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ്. മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് സ്വന്തം കെട്ടിടം നിർമിച്ചത്. വിപുലമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. എന്നാൽ കെട്ടിടത്തിലേക്ക് ആയുർവേദ ആശുപത്രി മാറ്റാത്തതിനാൽ കെട്ടിടവും പരിസരവും കാടുമൂടി നശിക്കുകയാണ്.
മാത്രമല്ല ലഹരി മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായും കെട്ടിടം മാറിയിട്ടുണ്ടെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. കെട്ടിടത്തിന്റെ വാതിലുകളും ജനലും തുറന്നു കിടക്കുന്നതിനാൽ ആർക്കും ഏത് സമയത്തും കെട്ടിടത്തിനകത്തേക്ക് കയറാമെന്ന നിലയിലാണ്. തെരുവു നായ്ക്കളും ഇഴജന്തുക്കളും ഇവിടെ കാണപ്പെടുന്നു. ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.