ജനറല്‍ ആശുപത്രി നിലനിര്‍ത്തണം ; സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
1513773
Thursday, February 13, 2025 7:39 AM IST
മഞ്ചേരി : മലപ്പുറം ജില്ലയിലെ സാധാരണ ജനങ്ങള്‍ ദൈനംദിനം അവരുടെ ആരോഗ്യ സുരക്ഷക്കായി ആശ്രയിച്ചുവരുന്ന മഞ്ചേരി ജനറല്‍ ആശുപത്രി നിലനിര്‍ത്തണമെന്നും ജില്ലയിലെ തന്നെ ഏക ഗവ. മെഡിക്കല്‍ കോളജിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ മാര്‍ച്ചും ധര്‍ണാ സമരവും സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് ഹുസൈന് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
എ.പി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി മെംബര്‍ പറമ്പന്‍ റഷീദ്, ഡിസിസി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്തൊടി, കഐസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അന്‍ഷിദ്, ഗോപു നെയ്യാര്‍, ഹനീഫ മേച്ചേരി, ഷൈജല്‍ ഏരിക്കുന്നല്, സുബൈര്‍ വീമ്പൂര് എന്നിവര്‍ പ്രസംഗിച്ചു. ഉന്നയിച്ച ആവശ്യം അനിവാര്യമെന്ന് ന്യായീകരിക്കുന്ന അനുബന്ധ രേഖകള്‍ ഉള്‍പ്പെടുന്ന ജനാഭിപ്രായവും ആരോഗ്യ വകുപ്പുമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സമര്‍പ്പിച്ചു.