കളത്തുംപടിക്കല്‍ ബസിന്റെ രോഗി പരിചരണ ധനസമാഹരണ യാത്ര നാളെ
1513762
Thursday, February 13, 2025 7:39 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ചന്തക്കുന്ന് സാന്ത്വന പരിചരണ ക്ലിനിക്ക് രോഗി പരിചരണ ധനസമാഹരണത്തിന് വേണ്ടി രാമംകുത്ത് നിലമ്പൂര്പെരിന്തല്മണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കളത്തുംപടിക്കല്‍ ബസ് 14 ന് രോഗി പരിചരണ ധനസമാഹരണ യാത്ര നടത്തുന്നു.
യാത്രയുടെ ഫ്ലാഗ് ഓഫ് നിലമ്പൂര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുനില്‍ പുളിക്കല്‍ നിലമ്പൂര്‍ ചെട്ടിയങ്ങാടി ബസ്ബേയില്‍ വച്ച് രാവിലെ ഏഴിന് നിര്‍വഹിക്കും. അന്നേ ദിവസം ഓടി കിട്ടുന്ന കളക്ഷന്‍ സാന്ത്വന പരിചരണ ക്ലിനിക്കിന് രോഗി പരിചരണത്തിന് നല്‍കുമെന്നും യാത്രക്കാരുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും ബസ് ഉടമയായ മുസ്തഫ കളത്തുംപടിക്കല്‍ പറഞ്ഞു. ഈ ബസില്‍ ഭിന്നശേഷിക്കാര്‍ക്കും കിഡ്നി രോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കും കരള്‍മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും യാത്ര എന്നും സൗജന്യമാണ്.
1998 ല്‍ പിറവിയെടുത്ത നിലമ്പൂര്‍ സാന്ത്വന പരിചരണ ക്ലിനിക്ക് സാന്ത്വന പരിചരണ രംഗത്ത് മാതൃകയാണ്. 25 വര്‍ഷമായിട്ടുള്ള ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്പെടുത്തുന്നതിനും രോഗികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കുന്നതിനും വേണ്ടി ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ നടത്തുന്ന ധനസമാഹരണത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.നിലമ്പൂര്‍ നഗരസഭാ പരിധിയിലെ 680 രോഗികള്‍ക്ക് പരിചരണം നല്‍കുന്നുണ്ട്.
ഇതില്‍പ്പെട്ട 500 രോഗികളെ വീടുകളില്‍ നേരിട്ടെത്തി പരിചരിച്ച് വരുന്ന ചന്തക്കുന്ന് സാന്ത്വന പരിചരണ ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിലനില്‍ക്കണം. ഇതിന്റെ പ്രധാന വരുമാന സ്രോതസ് വര്‍ഷത്തില്‍ നടത്തുന്ന ജനകീയ ധനസമാഹരണമാണെന്നും മുസ്തഫ കളത്തുംപടിക്കല്‍ പറഞ്ഞു.