പുഴ മലിനമാക്കുന്നതായി പരാതി
1496026
Friday, January 17, 2025 5:13 AM IST
കരുവാരകുണ്ട്: വേനല്‍ ആരംഭത്തോടെ നീര്‍ച്ചാലുകളായി മാറിയ പുഴ മലിനമാക്കുന്നതായി പരാതി. പുഴയുടെ ഉത്ഭവ സ്ഥാനങ്ങളോടടുത്ത പ്രദേശമായ കല്‍ക്കുണ്ട് ഭാഗത്താണ് പുഴ മലിനമാക്കിയിരിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടത്. രാവിലെ കുളിക്കാനായി പുഴയിലെത്തിയവരാണ് വെള്ളം മലിനമായതായി ശ്രദ്ധിച്ചത്.
ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചപ്പോള്‍ പരാതി എഴുതി നല്കാനാണത്രെ പറഞ്ഞത്. പ്രദേശവാസികള്‍ക്ക് കുളിക്കുവാനും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഏക ആശ്രയമാണ് ഒലിപ്പുഴയുടെ ഈ ഭാഗങ്ങള്‍. ഒലിപ്പുഴയെ ആശ്രയിച്ചാണ് പ്രദേശത്തെ കുടിവെള്ള സ്രോതസുകളും സ്ഥിതി ചെയ്യുന്നത്.
പുഴ മലിനമാകുന്നതോടെ കുടിവെള്ളവും മാലിന്യപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ജല സംരക്ഷണത്തിനായി നടപടി കൈകൊള്ളുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.