ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
1495891
Thursday, January 16, 2025 11:40 PM IST
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന് ഷഹബാസ് (16) ആണ് മരിച്ചത്. പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന് (16) ആണ് പരിക്കേറ്റത്.
ഇരുവരും കോക്കൂര്‍ ടെക്നിക്കല്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഷഹബാസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നിഗമനം. പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയവര്‍ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹബാസിനെ രക്ഷിക്കാനായില്ല.