മഞ്ചേരി മെഡിക്കല്‍ കോളജ്: ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായി
1495741
Thursday, January 16, 2025 5:43 AM IST
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കോളജ് വികസനത്തിന് 2.81 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ആദ്യഗഡുവായി 13.81 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.
റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തിന്റെയും സര്‍വേ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഹോസ്റ്റല്‍ സമുച്ചയങ്ങള്‍ക്ക് സമീപത്തായി കണ്ടെത്തിയ ആറ് ഏക്കര്‍ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് കുറ്റികള്‍ സ്ഥാപിച്ചു. സാമൂഹികാഘാത പഠനം നടത്തി കളക്ടര്‍ക്ക് നേരത്തെ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.
റവന്യു നടപടികള്‍ക്ക് ആവശ്യമായ തുക മുന്‍കൂറായി റവന്യു വിഭാഗത്തിന് നല്കി. പിന്നീട് നഷ്ടപരിഹാരത്തിനായി ആദ്യഗഡുവായി 13 കോടിയും അനുവദിച്ചു. എന്നാല്‍ ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികള്‍ വൈകാനിടയാക്കി. ഭൂവുടമകളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ വീണ്ടും ഉത്തരവിറക്കിയത്.
ഇന്നലെ രാവിലെ മഞ്ചേരിയിലെത്തിയ റവന്യു വകുപ്പ് അധികൃതര്‍ ഭൂവുടമകളുമായി സംസാരിച്ചു. ഭൂമിയുടെ അതിരുകളും പരിശോധിച്ചു. ഹോസ്റ്റല്‍ സമച്ചയങ്ങള്ക്ക് പിറകിലായി കിടക്കുന്ന 23/38 മുതല്‍ 25/01 വരെ 17 സര്‍വേ നമ്പറുകളില്‍ 23 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഏറ്റെടുക്കുന്ന ഭൂമിയില്‍ വെള്ളക്കെട്ടും കുളവും വീടുകളും കെട്ടിടങ്ങളുമുണ്ട്. ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തുക സര്‍ക്കാര്‍ അനുവദിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക വിതരണം ചെയ്യും.