പാലിയേറ്റീവ് ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു
1495739
Thursday, January 16, 2025 5:43 AM IST
മഞ്ചേരി: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജും നഗരസഭയും "ഹസ്തം’ ഓഫീസും സംയുക്തമായി "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം ’ എന്ന സന്ദേശവുമായി ആരോഗ്യസന്ദേശ റാലിയും ബോധവത്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.
സന്ദേശ റാലിയുടെ ഫ്ളാഗ് ഓഫ് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ റഹീം പുതുക്കൊള്ളി, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനലാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ആശുപത്രി ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍രാജ് മുഖ്യപ്രഭാഷണം നടത്തി. സെക്കന്‍ഡറി പാലിയേറ്റീവ് നഴ്സ് സുനിത പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡോ. ഷിബു കിഴക്കാത്ര വിഷയാവതരണം നടത്തി.
ഓങ്കോളജിസ്റ്റ് ഡോ. ജാന്‍സി ജോണ്‍, സിഎന്‍ഒ ഇന്‍ ചാര്‍ജ് ഷൈല, സലീം മണ്ണിശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മെഡിക്കല്‍ കോളജ് ഒപി ബ്ലോക്കിന് മുന്നില്‍ സമാപിച്ചു. ആശാവര്‍ക്കര്‍മാര്‍, പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍, നഴ്സിംഗ് കോളജിലെയും സ്കൂളിലെയും വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
തുവൂര്‍: തുവൂര്‍ പാലിയേറ്റീവ് കെയര്‍ സന്ദേശറാലിയും ഫണ്ട് സമാഹരണ സ്റ്റാളും സംഘടിപ്പിച്ചു. ടൗണില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂള്‍പടി മുതല്‍ തുവൂര്‍ ടൗണ്‍ വരെ സന്ദേശ റാലി നടത്തി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പാലിയേറ്റീവ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് തുവൂര്‍ ജെഎസ്സി ക്ലബ് സ്വീകരണവും ഒരുക്കിയിരുന്നു.
തുടര്‍ന്ന് തുവൂര്‍ ടൗണില്‍ ഒരുക്കിയ ഫണ്ട് സമാഹരണ സ്റ്റാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. സുബൈദ, ടി.എ.ജലീല്‍, എന്‍.പി.നിര്‍മല, അംഗങ്ങളായ എന്‍.കെ.നാസര്‍, ടി.അയ്യപ്പന്, പാലിയേറ്റീവ് പ്രസിഡന്റ് ഇ.പി. മൂസ, സെക്രട്ടറി പി. സൈതലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.