നിലമ്പൂര്‍ മണ്ഡലത്തില്‍ 1535.5 കോടിയുടെ വികസനം നടപ്പാക്കിയെന്ന് പി.വി. അന്‍വര്‍
1495738
Thursday, January 16, 2025 5:43 AM IST
നിലമ്പൂര്‍: കഴിഞ്ഞ രണ്ട് ടേമുകളിലായി നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍ എട്ടര വര്‍ഷത്തിനിടെ 1535.34 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എടക്കര, വഴിക്കടവ്, ചുങ്കത്തറ, പോത്തുകല്ല്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളില്‍ 23 റോഡുകളുടെ പ്രവൃത്തി 290.75 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്. തൃക്കൈക്കുത്ത്, പാലാങ്കര, മുട്ടിക്കടവ്, പഞ്ചായത്തങ്ങാടി, ഏനാന്തിക്കടവ്, കൈപ്പിനിക്കടവ് തുടങ്ങി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 82.30 കോടി രൂപ ചെലവഴിച്ചാണ് പാലങ്ങള്‍ നിര്‍മിച്ചത്.
മുണ്ടേരി ഫാം ഗേറ്റ് മുതല്‍ പൂക്കോട്ടുംപാടം വരെയും പൂക്കോട്ടുംപാടം മുതല്‍ മൈലാടിപാലം വരെയും മലയോര ഹൈവേയുടെ നിര്‍മാണത്തിനായി 165 കോടി രൂപയും ചെലവഴിച്ചു.
നിലമ്പൂര്‍ നഗരസഭാ പരിധിയിലെ വെളിയന്തോട് മിനി സിവില്‍ സ്റ്റേഷന് കെട്ടിടം ഉള്‍പ്പെടെ 48.6 കോടി രൂപയുടെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കാണ് ഫണ്ടനുവദിച്ചത്. ഇതില്‍ എടക്കര ആയുര്‍വേദ ആശുപത്രി, ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു വിഭാഗം, റവന്യു ടവര്‍ എന്നിവയ്ക്കായാണ് ഫണ്ട് ഉപയോഗിക്കുന്നത്.
എടക്കര ജിഎച്ച്എസ്എസ്, മൂത്തേടം ജിഎച്ച്എസ്എസ്, മുണ്ടേരി ജിഎച്ച്എസ്, പള്ളിക്കുത്ത് ജിയുപിഎസ്, ജിയുപിഎസ് പൂക്കോട്ടുമണ്ണ, നിലമ്പൂര്‍ ഐജിഎംഎംആര്‍എസ്, നിലമ്പൂര്‍ മാനവേദന് വിഎച്ച്എസ്എസ് തുടങ്ങി 24 ഗവണ്മെന്റ് സ്കൂളുകള്‍ക്ക് പദ്ധതി വിഹിതം നല്കി. ഇതിനായി 42.31 കോടി രൂപ ചെലവഴിച്ചു.
പ്രളയ സഹായമായി 154.76 കോടി രൂപയാണ് അനുവദിച്ചു നല്‍കിയത്. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7,55,36,300 രൂപയും അനുവദിച്ചുവെന്ന് അന്‍വര്‍ പറഞ്ഞു.