കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മൂത്തേടം നിവാസികള്‍
1495734
Thursday, January 16, 2025 5:43 AM IST
എടക്കര: കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മൂത്തേടം നിവാസികള്‍. ബുധനാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഉച്ചക്കുളം ഊരിലെ സരോജിനിയടക്കം പത്ത് ദിവസത്തിനിടെ രണ്ട് ആദിവാസികളാണ് കരുളായി വനമേഖലയില്‍ വന്യജീവി ആക്രമണങ്ങളുടെ ഇരകളായത്.
കഴിഞ്ഞ അഞ്ചിന് നെടുങ്കയം പൂച്ചപ്പാറ ഊരിലെ മണി (35) കുട്ടികളെ പാലേമാടുള്ള ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെ കരുളായി വനപാതയില്വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം ഊരിന് സമീപത്തെ വനത്തില്‍ കാലികളെ മേയ്ക്കുന്നതിനിടെയാണ് സരോജിനിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയത്.
ഉച്ചക്കുളം ഊരില്‍ ഒരാഴ്ചക്കിടെ മൂന്ന് തവണ ആദിവാസികള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഊരിലെ വീരന് കാട്ടാനയുടെ തുമ്പിക്കൈയുടെ മുന്നില്‍ നിന്ന് മരത്തിന് മറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട ആദിവാസി തൊഴിലാളികള്‍ക്ക് നേരെയും കാട്ടാനകളുടെ ആക്രമണമുണ്ടായി. ചൊവ്വാഴ്ച കരുളായി സ്വദേശിയും കല്ലേംതോട് തോണിക്കട് സ്വദേശി പഴംപള്ളില്‍ പൊന്നൂസും കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വനങ്ങള്ക്കുള്ളില് അധിവസിക്കുന്ന ആദിവാസികളും വനയോര മേഖല പങ്കിടുന്ന ജനവാസകേന്ദ്രങ്ങളിലെ ജനങ്ങളുമാണ് കാട്ടാനക്കലിയുടെ ഇരകളാകുന്നത്. വനത്തില്‍ നിന്നുമിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ വൈകുന്നേരമാകുന്നതോടെ ജനവാസകേന്ദ്രങ്ങളില്‍ എത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ച ശേഷം നേരം പുലര്‍ന്നാണ് കാട് കയറുന്നത്. കരിമ്പുഴയുടെ പാലാങ്കര പാലത്തിന് ചുവട്ടില്‍ പതിനഞ്ചോളം ആനകളടങ്ങുന്ന കൂട്ടം നിത്യവും ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
മൂത്തേടം കാരപ്പുറം, കല്‍ക്കുളം, ഉച്ചക്കുളം, ചീനിക്കുന്ന്, പനംപറ്റ തുടങ്ങി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കട്ടാനശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കല്ലേംതോട്മുക്ക് മുതല്‍ മൈലംപാറ വരെയുള്ള പതിനഞ്ച് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് ഇല്ലാത്തതാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ കാരണം.
വന്യമൃഗ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുകയല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാനക്കൂട്ടങ്ങള്‍.