സിപിഎം പ്രക്ഷോഭത്തിലേക്ക്: കീഴാറ്റൂരില്‍ റോഡിനുള്ള ഗ്രാന്റ് ലാപ്സാക്കിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്
1484525
Thursday, December 5, 2024 4:30 AM IST
കീഴാറ്റൂര്‍: സാമ്പത്തിക വര്‍ഷത്തില്‍ (2023-24) കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ മെയിന്റനന്‍സ് ഫണ്ട് റോഡ് ഗ്രാന്റ് ഉപയോഗിച്ച് മരാമത്ത് പ്രവൃത്തികള്‍ യഥാസമയം നടപ്പാക്കുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2,61,68,669 രൂപയില്‍ 13.04 ശതമാനം മാത്രമാണ് പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. 1,68,74,086 രൂപ ലാപ്സാക്കി കളഞ്ഞതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഭരണസമിതിയുടെയും നിര്‍വഹണ ചുമതലയുള്ളവരുടെയും ശ്രദ്ധക്കുറവും മേല്‍നോട്ടത്തിന്റെ അഭാവവും കാരണമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാകാതെ പോയത്.
മെയിന്റനന്‍സ് ഫണ്ട് റോഡ് ഗ്രാന്‍ഡ് ഉപയോഗിച്ച് 76.7 ശതമാനം പ്രവൃത്തികളും നടപ്പാക്കാത്തതിനാല്‍ കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങളും ഭൗതിക സാഹചര്യങ്ങളും നഷ്ടമാക്കിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങളായ പി. ഉണ്ണികൃഷ്ണന്, എം. മുഹമ്മദ് സാജിദ് എന്നിവര്‍ ഇതുസംബന്ധിച്ച് പ്രതിഷേധമുയര്‍ത്തിയിരുന്നു.
കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. റോഡുകളുടെ ശോച്യാവസ്ഥ കാരണം ഗതാഗതം പല മേഖലകളിലും ദുസഹമായിരിക്കുന്നു. ഈ സാഹചര്യത്തിലും റോഡ് വികസനത്തിനുള്ള സര്‍ക്കാര്‍ ഫണ്ട് ലാപ്സാക്കിയ ഗ്രാമപഞ്ചായത്തിനെതിരേ വന്‍ ജനരോഷമാണ്
ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് സിപിഎം ഏരിയാ കമ്മിറ്റി ചൂണ്ടിക്കാട്ടി. മെയിന്റനന്‍സ് ഫണ്ട് റോഡ് ഗ്രാന്റിന്റെ 76.7 ശതമാനം ലാപ്സാക്കിയ കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി. ജോതിഷ്, എന്‍. നിതീഷ്, കെ.കോമളവല്ലി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ. ബാലസുബ്രഹ്മണ്യന്, യു. ശിവദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.