മലയോര ഹൈവേ: നായാടംപൊയില്‍ മൂലേപ്പാടം റീച്ചിന് സാങ്കേതികാനുമതിയായി
1484523
Thursday, December 5, 2024 4:30 AM IST
നിലമ്പൂര്‍: നിലമ്പൂര്നായാടംപൊയില് മലയോര ഹൈവേയിലെ നായാടംപൊയില്‍-മൂലേപ്പാടം റീച്ചിച്ചിന് സങ്കേതിക അനുമതിയായി. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ റോഡിന്റെ പ്രവൃത്തി തുടങ്ങും. മലയോര ജനതയുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. മൈലാടി മുതല്‍ മൂലേപ്പാടം വരെ ഒരു റീച്ചും മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെ ഒരു റീച്ചുമാണുള്ളത്. ഇതില്‍ മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള 15 കിലോമീറ്റര്‍ ഭാഗത്തെ റോഡിനാണ് സാങ്കേതിക അനുമതിയായത്. മൂലേപ്പാടം മുതല്‍ കക്കാടംപൊയില്‍ വരെയുള്ള റോഡ് 12 മീറ്റര്‍ വീതിയിലും കക്കാടംപൊയില്‍ മുതല്‍ നായാടംപൊയില്‍ വരെയുള്ള ഭാഗം 10 മീറ്റര്‍ വീതിയിലുമായിരിക്കും നിര്‍മിക്കുക. ഇതിനായി 80 കോടി രൂപയാണ് കിഫ്ബി ഫണ്ടില്‍ അനുവദിച്ചിട്ടുള്ളത്.
സാങ്കേതികപരമായ ചെറിയ വിഷയങ്ങള്‍ കൂടി പരിഹരിച്ച് ഈ മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ ഉണ്ടാകുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് വിഭാഗം പാലക്കാട് ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ പ്രിന്‍സ് ബാലന് പറഞ്ഞു. മൂലേപ്പാടം മുതല്‍ മൈലാടിപാലം വരെയുള്ള ഭാഗത്തിന് ഇനിയും സാങ്കേതിക അനുമതിയായിട്ടില്ല. ഈ ഭാഗത്തെ സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷമായി. നായാടംപൊയില്‍ മുതല്‍ മൂലേപ്പാടം വരെയുള്ള ഭാഗത്ത് നിര്‍മാണം ഉടന്‍ തുടങ്ങുന്നത് മലയോര ജനതക്ക് ഏറെ ആശ്വാസമാകും. നിലമ്പൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഏറ്റവും എളുപ്പ മാര്‍ഗം കൂടിയാണിത്.
ആയിരക്കണക്കിന് മലയോര കര്‍ഷക കുടുംബങ്ങള്‍ക്കും 35 ലേറെ പട്ടികവര്‍ഗ നഗറുകളിലെ കുടുംബങ്ങള്ക്കുമുള്പ്പെടെ റോഡ് പ്രയോജനകരമാകും. മലപ്പുറം ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് എത്താനും മലയോര ഹൈവേ എളുപ്പമാര്‍ഗമാകും.