വനം ജീവനക്കാരന്റെ ചരമ വാര്‍ഷികം ആചരിച്ചു
1483780
Monday, December 2, 2024 5:06 AM IST
നിലമ്പൂര്‍: ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച വനം ജീവനക്കാരന്റെ ചരമ വാര്‍ഷികം ആചരിച്ചു. വനപാലകനായിരുന്ന കെ. സുധീറിന്റെ 15-ാം ചരമവാര്‍ഷികദിനമാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് വഴിക്കടവ് റേഞ്ച് പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ പുഷ്കരന് പൊട്ടിഭാഗത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണത്തില്‍ സുധീർ മരണപ്പെട്ടത്.
നിലമ്പൂര്‍ സൗത്ത് ഡിവിഷന് കേന്ദ്രീകരിച്ച് പുതുതായി രൂപവത്കരിച്ച ആര്‍ആര്‍ടിയില്‍ കൂടുതല്‍ സ്റ്റാഫിനെ നിയമിക്കണമെന്നും മനുഷ്യ വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളിലേക്കും പമ്പ് ആക്ഷന്‍ ഗണ്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ 24 മണിക്കൂറും ജോലി ചെയ്യുന്ന വനപാലകരുടെ ഡ്യൂട്ടി റസ്റ്റും ഡ്യൂട്ടി ഓഫും അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ആയത് ചെറുത്തുതോല്‍പ്പിക്കുമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെഎഫ്പിഎസ്എ ജില്ലാ കമ്മിറ്റി ഓഫീസായ ചില്ലയില്‍ വച്ച് നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എന്‍. സജീവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എ.കെ. രമേശന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഫൈസല്‍, ഖജാന്‍ജി ടെല്‍സന്‍ എം. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദാലി, വൈസ് പ്രസിഡന്റ് കെ.പി. ശ്രീദീപ്, സംസ്ഥാന കൗണ്‍സിലര്‍ അമൃതരാജ് എന്നിവര്‍ സംസാരിച്ചു.