മതില് ഇടിഞ്ഞുവീണിട്ട് നാലു മാസം: നഗരസഭ തിരിഞ്ഞു നോക്കുന്നില്ല, ഉടമയും
1461405
Wednesday, October 16, 2024 4:26 AM IST
മഞ്ചേരി: പൊതുനിരത്തിലേക്ക് സ്വകാര്യവ്യക്തിയുടെ മതില് ഇടിഞ്ഞുവീണിട്ട് നാലു മാസമായി. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നാളിതുവരെ നഗരസഭയോ മതിലിന്റെ ഉടമയോ തിരിഞ്ഞു നോക്കുന്നില്ല. മഞ്ചേരി 22-ാം മൈല്‍സില്‍ കരിയാംപറമ്പ് അമ്പലം റോഡിലാണ് സംഭവം. കഴിഞ്ഞ ജൂണിലെ കനത്ത മഴയിലാണ് ചുറ്റുമതില്‍ റോഡിലേക്ക് തകര്‍ന്നു വീണത്. വീതി കുറഞ്ഞ റോഡിന്റെ ഒരു ഭാഗം തോടും പാടവുമാണ്.
മാത്രമല്ല റോഡിലെ വളവിലാണ് കല്ലും മണ്ണും ഇടിഞ്ഞു വീണിട്ടുള്ളത്. രാത്രിയില്‍ റോഡിലുടെ വാഹനം കടന്നുപോകുമ്പോള്‍ തകര്‍ന്നുവീണ കല്ലുകളില്‍ തട്ടി വാഹനത്തിന് കേടുപാടു സംഭവിക്കുന്നതും മറുവശത്ത് തോട്ടിലേക്ക് വീഴുന്നതും പതിവാണ്.
മുട്ടിപ്പാലം, വെള്ളാരങ്ങല്‍ ഭാഗത്തേക്ക് പോകുന്നതും നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡില്‍ അപകടം പതിവായതോടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ചൈതന്യ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മഞ്ചേരി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
നാളിതുവരെ സ്ഥലം സന്ദര്‍ശിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലെ കല്ലും മറ്റും മാറ്റണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്ഥലം ഉടമയെ സമീപിച്ചപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണാത്തപക്ഷം പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുമെന്ന് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.