ഭിന്നശേഷിക്കാര്‍ക്ക് അത്താണിയൊരുക്കാന്‍ ബിരിയാണി ചലഞ്ച് ഇന്ന്
1461402
Wednesday, October 16, 2024 4:26 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് അത്താണിയാണ് അനുയാത്ര ലിവിംഗ് സെന്റര്‍. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് സ്ഥിരമായി കെട്ടിടവും സംവിധാനങ്ങളും ഒരുക്കാന്‍ സ്വന്തമായി അര ഏക്കറെങ്കിലും സ്ഥലം ആവശ്യമാണ്. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാടിന് നന്മ പകരുന്ന ഈ സ്ഥാപനത്തിന്റെ ആവശ്യമേറ്റെടുക്കാന് പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
50 ലക്ഷത്തോളം രൂപയാണ് ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. പിടിഎ കമ്മിറ്റിയും രാഷ്ട്രീയ നേതൃത്വവും ക്ലബുകളും അഭ്യുദയാകാംഷികളും പൂര്‍വവിദ്യാര്‍ഥി സംഘടനകളും അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമാണ് ഇതിനു മുന്നിട്ടിറങ്ങിയിട്ടുള്ളത്. അമ്പതിലധികം ചെമ്പുകളില്‍ ഇരുപതിലധികം ക്വിന്റല്‍ ബിരിയാണി പാചകം ചെയ്ത് 20,000 പേര്‍ക്ക് എത്തിക്കുന്ന ദൗത്യത്തിനാണ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
അഞ്ചുവര്‍ഷമായി വാടക കെട്ടിടത്തിലാണ് ഭിന്നശേഷിക്കാരായ 24 നും 50 നും ഇടയില്‍ പ്രായമുള്ള 25 അംഗങ്ങള്‍ "അനുയാത്ര’യില്‍ കഴിയുന്നത്. നാട്ടുകാരുടെയും സുമനസുകളുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്.