വടിവാള്‍ വീശി യുവാവിന് പരിക്കേറ്റ സംഭവത്തില്‍ അക്രമി പിടിയില്‍
1461179
Tuesday, October 15, 2024 1:44 AM IST
എടപ്പാള്‍: വടിവാള്‍ വീശി ഭീതി സൃഷ്ടിക്കുകയും യുവാവിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. എടപ്പാള്‍ മഠത്തില്‍ വളപ്പില്‍ ഷിബു എന്ന ഷഹബാസി(33)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ശുകപുരത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ കയറി ജീവനക്കാരനായ പ്രജീഷിനെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പണം ആവശ്യപ്പെടുകയായിരുന്നു.
അക്രമിക്കാന്‍ മുതിര്‍ന്നതോടെ തടയാന്‍ ശ്രമിച്ച പ്രജീഷിന്റെ സുഹൃത്ത് വിനോദിന്റെ കൈവിരലിന് മുറിവേറ്റു. തുടര്‍ന്ന് പ്രജീഷ് ചങ്ങരംകുളം പോലീസില്‍ നല്കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊന്നാനി ജുഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.