കാപ്പ ചുമത്തി പ്രതിയെ ജയിലിലടച്ചു
1460742
Saturday, October 12, 2024 4:47 AM IST
കൊളത്തൂര്‍: ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ പ്രതി കൊളത്തൂര്‍ കാരാട്ടുപറമ്പ് സ്വദേശി മുണ്ടുമ്മല്‍ വീട്ടില്‍ സക്കീര്‍ഹുസൈന്‍ (41) എന്ന മുണ്ടുമ്മല്‍ സക്കീറിനെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. 2023 ഒക്ടോബര്‍ 17ന് തൃശൂര്‍ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരം ആറുമാസത്തേക്ക് സക്കീര്‍ ഹുസൈന് മലപ്പുറം ജില്ലയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് സക്കീര്‍ ഹുസൈന് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പ്രവേശന വിലക്ക് 2024 ജനുവരി 31ലേക്ക് പരിമിതപ്പെടുത്തിയിരുന്നു. കോടതി ഉത്തരവ് സമ്പാദിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് വീണ്ടും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ ആക്ടിലെ 3 (1) ാം വകുപ്പുപ്രകാരം സക്കീര്‍ ഹുസൈനെ ജയിലിലടക്കാന്‍ ഉത്തരവായത്.
പുഴമണല്‍ കളവ്, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, സ്വകാര്യസ്ഥലത്തേക്ക് അതിക്രമിച്ച് കയറി മുതലുകള്‍ നശിപ്പിക്കല്‍, വധശ്രമം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, വാഹനമോഷണം,സര്‍ക്കാര്‍ മുതലുകള്‍ നശിപ്പിക്കല്‍, പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കുക, ആളുകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ഗുരുതരമായ കേസുകളടക്കം ഇരുപതോളം കേസുകളില്‍ സക്കീര്‍ഹുസൈന്‍ പ്രതിയായിട്ടുണ്ട്.
2023 മാര്‍ച്ചില്‍ രാത്രി 11.30ന് കൊളത്തൂര്‍ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ലഭിച്ച പരാതിയില്‍ കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ ശേഷം സക്കീര്‍ ഹുസൈനെ പോലീസ് ആന്റി സോഷ്യല്‍ ലിസ്റ്റിലുള്പ്പെടുത്തിയിരുന്നു.
സഹോദരന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന സക്കീറിനെ കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്ഐ രാജന്, എസ്സിപിഒ നിധിന് ആന്റണി, ഗിരിഷ്, അഭിജിത്ത്, മഞ്ജുള എന്നിവരുണ്ടായിരുന്നു. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.