ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍
1460741
Saturday, October 12, 2024 4:47 AM IST
കൊളത്തൂര്‍: നിര്‍ധനയായ യുവതിക്ക് വീട് നിര്‍മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി ബലാത്സംഗം ചെയ്ത കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ആണ്ടിപാടം സ്വദേശിയായ കുണ്ടില്‍വീട്ടില്‍ ആഷിഖി(29)നെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മണ്ണാര്‍ക്കാട് കുമരമ്പത്തൂരുള്ള ഒരു കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആഷിഖ് മൂന്ന് മാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിര്‍മിക്കാന്‍ സഹായ വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ അഞ്ചിന് യുവതിയെ പെരിന്തല്‍മണ്ണ കോട്ടക്കല്‍ റൂട്ടിലെ പീടികപ്പടി എന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തി
കാറില്‍ കയറ്റി കൊണ്ടുപോകുകയും പാങ്ങ് ചന്തപറമ്പുള്ള ആളൊഴിഞ്ഞ വീടിനു സമീപം കാര്‍ നിര്‍ത്തി യുവതിയെ മാനഭംഗപ്പെടുത്തിയെന്നുമാണ് കേസ്.
യുവതിയുടെ പരാതിയെ തുടർന്ന് കൊളത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാര്‍ക്കാട് നിന്നുമാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. യുവാവ് ഉപയോഗിച്ച മാരുതി റിറ്റ്സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിജിത്, ഷാഹുല്‍ ഹമീദ്, ഷിനോ തങ്കച്ചന് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ആഷിഖിനെ റിമാന്‍ഡ് ചെയ്തു.