തകര്‍ന്ന തൂത-വെട്ടത്തൂര്‍ റോഡിൽ യാത്രാദുരിതം
1460738
Saturday, October 12, 2024 4:47 AM IST
പെരിന്തല്‍മണ്ണ: തൂത-വെട്ടത്തൂര്‍ റോഡില്‍ പൂവത്താണി മുതല്‍ തൂത വരെയുള്ള ഭാഗത്തെ യാത്ര അതികഠിനം. അറ്റകുറ്റപണികള്‍ നടക്കാത്തതും ജൽജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ റോഡ് പൊളിച്ച ശേഷം നന്നാക്കാത്തതുമാണ് ദുരിതത്തിന് കാരണം. കോരംകോട് വളവില്‍ പൈപ്പിടാന്‍ കീറിയ ഭാഗത്ത് കഴിഞ്ഞ ആഴ്ച വാനും കാറും കൂട്ടിയിടിച്ചിരുന്നു.
ഇവിടെ പിന്നീട് നാട്ടുകാര്‍ മണ്ണിട്ട് കുഴി മൂടിയെങ്കിലും മഴ പെയ്തത്തോടെ ഒലിച്ചുപോയി വീണ്ടും കുഴി രൂപപ്പെട്ടു. ബിടാത്തി പാലത്തിന്റെ വലതുഭാഗത്ത് കൈവരി തകര്‍ത്ത് രണ്ട് വര്‍ഷം മുമ്പ് മിനി ലോറി തോട്ടിലേക്ക് മറിഞ്ഞതിന് ശേഷം അതും ഇതുവരെ നന്നാക്കിയില്ല. അപകട മുന്നറിയിപ്പ് നല്കി ഏതാനും വീപ്പകള്‍ വച്ചിരിക്കുകയാണിവിടെ.
ബിടാത്തി മുതലാണ് റോഡ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്. ടൗണില്‍ റോഡ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുകാരണം ഇരുചക്ര വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പെടുന്നു. ബിടാത്തി ഷാപ്പിന് സമീപമുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ കാലങ്ങളായി നാട്ടുകാര്‍ ആവശ്യപെട്ടിട്ടും കള്‍വര്‍ട്ട് നിര്‍മിച്ചിട്ടില്ല.
അതിനാല്‍ വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നു. പുന്നക്കുന്നും വാഴേങ്കടയിലും തെക്കേപ്പുറത്തും റോഡ് തകര്‍ന്നുകിടക്കുന്നു. തെക്കേപ്പുറം വാട്ടര്‍ സര്‍വീസ് സെന്റര്‍ മുതല്‍ അമ്പലക്കുന്ന് വരെയുള്ള ഭാഗം സ്ഥിരം അപകട മേഖലയാണ്. ഈ ഭാഗത്ത് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു.
ആലിപ്പറമ്പ്, പാറക്കണ്ണി, എടായ്കല്, വാഴേങ്കട ഭാഗങ്ങലുള്ളവര് പെരിന്തല്‍മണ്ണ, ചെര്‍പ്പുളശേരി, കരിങ്കല്ലത്താണി എന്നിവിടങ്ങളില്‍ എത്താന്‍ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡ് തകര്‍ന്നതോടെ പലരും കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒഴിവാക്കി ഇരുചക്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫണ്ട് നീക്കിവച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പുന്നക്കുന്നും ബിടാത്തി റേഷന്‍ കടയുടെ അടുത്തും ഓരോ കള്‍വര്‍ട്ട് പ്രവൃത്തി മാത്രമാണ് നടന്നത്. റോഡിന്റെ പലഭാഗത്തും നാട്ടുകാര്‍, ഓട്ടോതൊഴിലാളികള്‍, ക്ലബ് പ്രവര്‍ത്തകര്‍ പല തവണ മണ്ണിട്ട് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും മഴ വന്നതോടെ പ്രയോജനമില്ലാതായി.