അനുയാത്ര പദ്ധതിക്ക് സ്ഥലം വാങ്ങാന്‍ ബിരിയാണി ചലഞ്ച്
1460737
Saturday, October 12, 2024 4:47 AM IST
നിലമ്പൂര്‍: അകമ്പാടം അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് സ്ഥലം വാങ്ങാന്‍ ബിരിയാണി ചലഞ്ചുമായി നാട് കൈകോര്‍ക്കുന്നു. ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് ഒരുക്കുന്നത്. 16ന് നടക്കുന്ന ബിരിയാണി ചലഞ്ചില്‍ 20,000 ബിരിയാണി പൊതികള്‍ വിതരണം ചെയ്യും. കൂടാതെ നാട്ടുകാരുടെ സഹായത്തോടെ ബാക്കി തുകയും കണ്ടെത്തും.
50 സെന്റ് സ്ഥലം വാങ്ങാനാണ് തുക സ്വരൂപിക്കുക. 50 ലക്ഷം രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ബിരിയാണി ചലഞ്ചിലൂടെയും ബാക്കി സംഭാവനയായും തുക കണ്ടെത്തും. ഒരു ബിരിയാണിക്ക് 100 രൂപ പ്രകാരം 20,000 ബിരിയാണി പൊതികളിലൂടെ 20 ലക്ഷം രൂപ സ്വരൂപിക്കും. ബാക്കി 30 ലക്ഷം സംഭാവനയിലൂടെയാണ് കണ്ടെത്തുക.
അഞ്ച് വര്‍ഷമായി വാടക കെട്ടിടത്തിലാണ് ഭിന്നശേഷിക്കാരായ 24 നും 50 നും ഇടയില്‍ പ്രായമുള്ള 25 അംഗങ്ങള്‍ കഴിയുന്ന അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോം പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെയും സുമനസുകളുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നതെന്ന് ഇതിന്റെ ചുമതലയുള്ള മണി പറഞ്ഞു.
ത്രിതല പഞ്ചായത്ത് ഭരണസമിതികളായ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഇവിടത്തെ 25 അംഗങ്ങള്‍ക്ക് നിലവില്‍ 24,000 രൂപ വീതം വര്‍ഷത്തില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. സ്ഥലം ലഭ്യമായാല്‍ കെട്ടിടം നിര്‍മിക്കാന്‍ പി.കെ. ബഷീര്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് തുക നല്‍കും.
ഇനി കെട്ടിടം നിര്‍മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥലമാണ് ആവശ്യം. ഇതിനായി ഒരു മനസോടെ സ്നേഹത്തിന്റെ ബിരിയാണി വിളമ്പാന്‍ ഒരുങ്ങുകയാണ് ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും. എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിച്ച വിദ്യാര്‍ഥികളും ഇതില്‍ പങ്കാളികളാകും.
സൂര്യപ്രകാശ് ചെയര്‍മാനും പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി കണ്‍വീനറും ബ്ലോക്ക് പഞ്ചായത്തംഗം സഹില്‍ അകമ്പാടം ഖജാന്‍ജിയുമായ കമ്മിറ്റിയില്‍ ജനപ്രതിനിധികള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപിക, എംടിഎ പ്രസിഡന്റ്, എസ്എംസി ചെയര്മാന്, പിടിഎ, എംടിഎ, എസ്എംസി, അംഗങ്ങള്‍,
പൂര്‍വവിദ്യാര്‍ഥി പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടന, ക്ലബുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ അംഗങ്ങളാണ്. ആദ്യമായാണ് പൂര്‍വ വിദ്യാര്‍ഥികള്‍ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി അര ഏക്കര്‍ സ്ഥലം വാങ്ങി നല്‍കുന്നത്.