മഞ്ചേരി കിഴക്കേത്തല സ്കൂളിന് പുതിയ കെട്ടിടം; നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി
1460433
Friday, October 11, 2024 5:08 AM IST
മഞ്ചേരി: വാടക കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന കിഴക്കേത്തല ഈസ്റ്റ് ജിഎംഎല്‍പി സ്കൂളിനായി ഒന്നര കോടി രൂപ ചെലവിൽ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. കിഴക്കേത്തലയില്‍ 12 സെന്റ് ഭൂമി വാങ്ങിയാണ് നഗരസഭ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. രണ്ട് നിലകളിലായി എട്ട് ക്ലാസ് റൂമുകളാണുള്ളത്. ഇനി ചുറ്റുമതില്‍ നിര്‍മാണം, അടുക്കള എന്നിവയാണ് നിര്‍മിക്കാനുള്ളത്.
വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാനത്തോടെ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാകുമെന്ന് ചെയര്‍പേഴ്സൺ പറഞ്ഞു. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 88 വിദ്യാര്‍ഥികളാണ് നിലവില്‍ സ്കൂളില്‍ പഠനം നടത്തുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 25 കുട്ടികളുമുണ്ട്. നിലവില്‍ മദ്റസ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ചെയര്‍പേഴ്സണിന്റെ നേതൃത്വത്തില്‍ കെട്ടിടം സന്ദര്‍ശിച്ചു.
വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ ചെയര്മാന് യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് റഹ്മാന്, കൗണ്‍സിലര്‍മാരായ ഫാത്തിമ സുഹ്റ, ടി. ശ്രീജ, സ്കൂള്‍ പ്രധാനാധ്യാപിക വാണിശ്രീ, പി.ടി.എ പ്രസിഡന്റ് ഷിഹാബ് എന്നിവര്‍ സംബന്ധിച്ചു.