വണ്ടൂർ, മങ്കട ഉപജില്ലാ കായിക മേള ഉദ്ഘാടനം ചെയ്തു
1459933
Wednesday, October 9, 2024 7:05 AM IST
വണ്ടൂർ: വണ്ടൂർ ഉപജില്ലാ കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ചു. എടവണ്ണ സിഐ ഇ. ബാബു മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. മേള ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അഖിലേഷ് , വാർഡ് മെമ്പർ കെ. ഷാനി, പിടിഎ പ്രസിഡന്റ് സി. റഷീദ്, എസ്എംസി ചെയർമാൻ കെ. സൈദ്, എഇഒ കെ.വി. സൗദാമിനി, എച്ച്എം ഫോറം കൺവീനർ എം. മുരളീധരൻ, പ്രിൻസിപ്പൽ എം. കെ. റാണി, എച്ച് എം കെ.വി. സുജാത, പ്രോഗ്രാം കൺവീനർ സി.കെ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേളയുടെ ഉദ്ഘാടനം മലപ്പുറം എംഎസ്പി എൽപി സ്കൂൾ മൈതാനത്ത് എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റും മുൻ സന്തോഷ് ട്രോഫി താരവുമായ പി. ഹബീബ് റഹ്മാൻ നിർവഹിച്ചു. എഇഒ പി.മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം സെക്രട്ടറി വി. അബ്ബാസ്, കെ. കെ. മുഹമ്മദ് അൻവർ, ആരിഫ് കൂട്ടിൽ, ഉപജില്ലാ കായികവിഭാഗം സെക്രട്ടറി വി.എം. ഹംസ എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി 42 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 15 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും നേടി 101 പോയിന്റോടെ പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതാണ്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും നേടി 32 പോയിന്റുമായി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും മൂന്ന് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവും സ്വന്തമാക്കി 31.5 പോയിന്റോടെ തിരൂർക്കാട് എഎം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാമതുമെത്തി. കായികമേള നാളെ സമാപിക്കും.