പെരുവമ്പാടത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1459932
Wednesday, October 9, 2024 7:05 AM IST
നിലമ്പൂര്‍: പെരുവമ്പാടത്ത് കാട്ടാനക്കൂട്ടം റബര്‍ മരങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം കടമ്പോടന്‍ ആയിഷുമ്മയുടെ കൃഷിയിടത്തിലെ ടാപ്പിംഗ് നടത്തികൊണ്ടിരിക്കുന്ന 12 വലിയ റബര്‍ മരങ്ങള്‍ ഉള്‍പ്പെടെയാണ് കാട്ടാനക്കൂട്ടം കൊമ്പുകള്‍കൊണ്ട് കുത്തി മറിച്ചിട്ടത്. കൃഷിയിടത്തിലെ കമുകുകളും തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്.
വലിയ റബര്‍ മരങ്ങള്‍ നശിപ്പിക്കുന്നത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. പെരുവമ്പാടത്ത് വനംവകുപ്പിന്റെ ഓഫീസ് ഉണ്ടെങ്കിലും രാത്രി കാല പട്രോളിംഗ് അടക്കം ഇല്ലാത്തതിനാല്‍ കാട്ടാനകള്‍ രാത്രിയില്‍ കൃഷിയിടങ്ങളിലേക്ക് എത്തി കൃഷി നശിപ്പിക്കുകയാണ്. കാട്ടാനകള്‍ക്ക് പുറമെ കടുവയുടെ സാന്നിധ്യം കൂടിയുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ട് ആടുകളെയും മൂന്ന് പട്ടികളെയും കടുവ പിടിച്ചുകൊണ്ട് പോയിട്ടുണ്ട്