മലപ്പുറം കളക്ടറേറ്റില്‍ ഭീഷണിയായ മരം മുറിച്ചുമാറ്റി
1459803
Tuesday, October 8, 2024 8:36 AM IST
മലപ്പുറം: മലപ്പുറം കളക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചുമാറ്റി. ജില്ലാ കളക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന "മുള്ള് പൂള’ മരമാണ് മുറിച്ചുമാറ്റിയത്.
മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് പൊതുജനങ്ങള്‍ക്കും പരിസര ഓഫീസിലെ ജീവനക്കാര്‍ക്കും ഭീഷണിയായിരുന്ന മരം സാഹസികമായി മുറിച്ച് ആശ്വാസത്തിന്റെ തണല്‍ വിരിച്ചത്. മരത്തിന്റെ വേരിനോട് ചേര്‍ന്ന് അടിഭാഗം ദ്രവിച്ച് നിലംപൊത്താറായ സ്ഥിതിയായിരുന്നു. ചുറ്റുഭാഗവും കെട്ടിടങ്ങള്‍ ചേര്‍ന്ന് കിടക്കുന്നതും വീഴ്ത്താന്‍ പറ്റിയ സ്ഥലം ഇല്ലാത്തതും മരംമുറി ദുഷ്കരമാക്കി. ഭീഷണിയായ പാഴ്മരം വെട്ടിമാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നെങ്കിലും മുറിച്ച് നീക്കല്‍ അതീവ ദുഷ്കരമായതിനാല് ആരും തയാറായിരുന്നില്ല.
കളക്ടര്‍ വി.ആര്. വിനോദ്, എഡിഎം എന്‍.എം മെഹറലി എന്നിവര്‍ മങ്കട ട്രോമാകെയര്‍ ഡിസാസ്റ്റര്‍ ഗ്രൂപ്പുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ അതിസാഹസികമായി ഈ ദൗത്യം ഏറ്റെടുത്തത്. രണ്ട് ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് മരംവെട്ടിമാറ്റല് പൂര്‍ത്തിയാക്കിയത്. ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണറുടെ ഓഫീസ്, 10000 ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകള്‍, ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന ശൗചാലയം തുടങ്ങിയവ ഈ മരത്തിനു ചുറ്റുമുണ്ടായിരുന്നു.