താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി റോഡുകളുടെ ശോച്യാവസ്ഥ
1459492
Monday, October 7, 2024 5:58 AM IST
പെരിന്തൽമണ്ണ: താലൂക്കിലുടനീളം തകർന്നു കിടക്കുന്ന റോഡുകളുടെ ശോച്യവസ്ഥ ചർച്ച ചെയ്ത് പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി യോഗം. പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള 30 കിലോമീറ്റർ ഭാഗത്തെ പ്രവൃത്തിയിൽ കരാർ ഏറ്റെടുത്ത ആളെ ഒഴിവാക്കിയതല്ലാതെ ദുരിതയാത്രക്ക് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൾ ഉൾപ്പെട്ട റോഡ് പുനർനിർമാണം നിലച്ച സാഹചര്യത്തിൽ ഈ പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം ഇന്ന് രാവിലെ 11.30 ന് പൊതുമരാമത്ത് മന്ത്രിയുടെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് വിളിച്ച് ചേർക്കുമെന്നും യോഗത്തിൽ അറിയിച്ചു.
പുലാമന്തോൾ - മോലാറ്റൂർ റോഡ് പുനരുദ്ധാരണത്തിന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും പ്രവൃത്തി ആരംഭിക്കാൻ ഏറെ സമയം വേണ്ടി വരുമെന്നതിനാൽ റോഡിലെ തകർന്ന ഭാഗം താൽക്കാലികമായി അറ്റകുറ്റപണി നടത്തി യാത്രാ യോഗ്യമാക്കണമെന്ന ആവശ്യം താലൂക്ക് സഭയിൽ ഉയർന്നു.
പുലാമന്തോൾ പാലൂരിലെ ചെറുകാട് പാടത്ത് വെള്ളമില്ലാത്തതിനാൽ കർഷകർ ദുരിതത്തിലാണെന്നുള്ളതും യോഗം ചർച്ച ചെയ്തു. ചെറുകിട ജലസേചന വകുപ്പിന്റെ കാർഷിക ജലവിതരണ പദ്ധതി വഴിയാണ് ഇവിടേക്ക് വെള്ളമെത്തിക്കേണ്ടത്. കനാലിൽ അറ്റകുറ്റപ്പണിയാണെന്ന് പറഞ്ഞാണ് ജല വിതരണം മുടക്കിയതെന്നും പരാതി ഉയർന്നു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എൻ. പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഹംസ പാലൂർ, സി. സേതുമാധവൻ, രാധാമോഹൻ, മൊയ്തുട്ടി, എ. ശിവദാസൻ, വിവിധ വകുപ്പ് പ്രതിനിധികൾ സംബന്ധിച്ചു.