പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: പരിശോധന നടത്തി
1459489
Monday, October 7, 2024 5:58 AM IST
കരുവാരകുണ്ട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ. ഒ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം തുവൂർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ പരിശോധന നടത്തി. സർവീസ് റോഡുകൾ സംബന്ധിച്ച് നാട്ടുകാർക്കിടയിൽ ആശങ്കകളുണ്ടായ സാഹചര്യത്തിലാണ് പരിശോധന.
റെയിൽവേ സ്റ്റേഷനിലേക്ക് ഗ്രീൻഫീൽഡ് ഹൈവേയിൽ നിന്ന് നേരിട്ട് സർവീസ് റോഡില്ലാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആക്ഷൻ കമ്മിറ്റിയും ഡെപ്യൂട്ടി കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. തുവൂർ , കരുവാരകുണ്ട്, കാളികാവ്, പാണ്ടിക്കാട് പഞ്ചായത്തുകളിലുള്ളവരെല്ലാം ട്രെയിൻ യാത്രക്കായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് തുവൂർ. ഇവിടേക്ക് സർവീസ് റോഡ് ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ ഒരുങ്ങുകയാണ് ഭരണ സമിതി.
ഡെപ്യൂട്ടി കളക്ടർ ഡോ. ജെ. ഒ. അരുണിന് പുറമെ, പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസ്സൻ, തഹസിൽദാർ സി. വല്ലഭൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന, വൈസ് പ്രസിഡന്റ് കെ. കെ. സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ കെ.സുബൈദ , അംഗങ്ങളായ എൻ. കെ. നാസർ, ഒ. ടി. മുനീറ, ആക്ഷൻ കമ്മിറ്റി ചെയർമാൻ അസീസ് ചാത്തോലി, കൺവീനർ സി.പി. യഹിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.