ജില്ലാ ആശുപത്രിയിൽ ഡയാലിസിസിനുള്ള നാലാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി
1459486
Monday, October 7, 2024 5:58 AM IST
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കുള്ള നാലാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു. ഡയാലിസിസിന് ചെലവ് കൂടുന്ന സാഹചര്യത്തിൽ സൗജന്യമായി ചികിത്സ നൽകുന്ന കേന്ദ്രങ്ങൾ വരുന്നത് നല്ലതാണെങ്കിലും രോഗം വരാതെ സൂക്ഷിക്കലാണ് പ്രധാനമെന്ന് പി. കെ. കുഞ്ഞാലികുട്ടി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. വലിയ ദൗത്യമാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതെന്നും കൂടുതൽ മെഷീനുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷ അരുമജയകൃഷ്ണൻ, കെ. മുജീബ് റഹ്മാൻ, സി.എച്ച്. ഇഖ്ബാൽ, കെ.സി.വേലായുധൻ, ആശുപത്രി സൂപ്രണ്ട് ഡോ.ഷിനാസ് ബാബു, ഡോ. കെ.കെ. പ്രവീണ, കെ.ടി. കുഞ്ഞാൻ, ഇസ്മായിൽ എരഞ്ഞിക്കൽ, ജസ്മൽ പുതിയറ എന്നിവർ സംസാരിച്ചു.
2012ൽ ആണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൗജന്യമായി ഡയാലിസിസ് തുടങ്ങിയത്. 16 ഡയാലിസിസ് മെഷിനുകളാണ് ആശുപത്രിയിലുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി 70 രോഗികൾക്ക് നിലവിൽ ഡയാലിസിസ് നൽകിവരുന്നുണ്ട്. പതിനാറോളം രോഗികൾ ഡയാലിസിസ് അവസരത്തിനായി കാത്തു നിൽക്കുന്നുണ്ട്. നാലാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങുന്നതിലൂടെ ഇവർക്കു കൂടി സൗജന്യമായി ഡയാലിസിസിനുള്ള അവസരം ലഭിക്കും.