എയ്ഡഡ് ശമ്പള വിതരണം: സര്‍ക്കാര്‍ നിര്‍ദേശം അപ്രായോഗികമെന്ന്
1459044
Saturday, October 5, 2024 5:31 AM IST
ചുങ്കത്തറ: ഒക്ടോബര്‍ മാസം മുതല്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവ ഡിഡി ഓഫീസ് മുഖേന വിതരണം ചെയ്താല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശം ജീവനക്കാരുടെ വേതനം വൈകിക്കുമെന്ന് കെപിസിഎംഎസ്എഫ് ജില്ലാ സെക്രട്ടറി ഷെറിന് മാമ്മന്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടറേറ്റുകളില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതും സ്ഥിരം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇല്ലാത്തതും എയ്ഡഡ് ജീവനക്കാരുടെ വേതന വിതരണത്തെ പ്രതികൂലമായി ബാധിക്കും.
നിലവില്‍ അതത് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ ശമ്പള ബില്ലുകള്‍ നേരിട്ട് ട്രഷറിയില്‍ സമര്‍പ്പിച്ചു ശമ്പളം വാങ്ങുന്ന രീതി തുടരണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിലേക്ക് പോകുന്നതിന് ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിഎംഎസ്എഫ് ചുങ്കത്തറ മാര്‍ത്തോമ കോളജിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഷിജു ജി. സാമുവല്‍, സെക്രട്ടറി ലിബിന് ജോണ്‍, ട്രഷറര്‍ റിജിന്‍ സി. ചെറിയാന്, നിധിന് ഫിലിപ്പ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.