ആരോഗ്യമേഖലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും വേണം: എംഎല്‍എ
1459036
Saturday, October 5, 2024 5:31 AM IST
മങ്കട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ അധികാരവും ഫണ്ടും സര്‍ക്കാര്‍ അനുവദിക്കണമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ ആവശ്യപ്പെട്ടു. അത്യാവശ്യഘട്ടങ്ങളില്‍ ആരോഗ്യമേഖലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇന്ന് രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഫണ്ടും അധികാരവും നല്‍കേണ്ടത് അത്യാവശ്യമാണ്. മങ്കടയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാതെ വിഷമിച്ചിരുന്ന സാഹചര്യത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നൂതന പ്രോജക്ടായി രാത്രികാല സേവനം ആരംഭിക്കുവാന്‍ മുന്നോട്ടുവന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ എംഎല്‍എ അഭിനന്ദിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്തിന് ഹെല്‍ത്ത് ഗ്രാന്‍ഡിലൂടെ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് 83 പുതിയ ടെസ്റ്റുകളുമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. അസ്കര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. കെ. ശശീന്ദ്രന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സലീന, സ്ഥിര സമിതി ചെയര്മാന്മാരായ അബ്ബാസ് അലി പോട്ടേങ്ങല്‍, ലാബ് അസിസ്റ്റന്റ് ലീന, പഞ്ചായത്ത് മെന്പര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.