വിരമിച്ച സൈനികന് നാട്ടുകാർ സ്വീകരണം നൽകി
1458821
Friday, October 4, 2024 4:48 AM IST
കരുവാരകുണ്ട്: വിരമിച്ച സൈനികന് ജനകീയ സ്വീകരണം നൽകി. ഇന്ത്യൻ അർട്ടിലറി റെജിമെന്റിൽ ഹവീൽദാർ തസ്തികയിൽ നിന്ന് വിരമിച്ച കരുവാരകുണ്ട് ഇരിങ്ങാട്ടിരി ഇ.വി. രാജേഷിനാണ് മലപ്പുറം ജില്ല സൈനിക കൂട്ടായ്മയും നാട്ടുകാരും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകിയത്. രാജേഷിനെ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഇരിങ്ങാട്ടിരിയിലേക്ക് ആനയിച്ചത്.
ഇരിങ്ങാട്ടിരിയിലെ എളയച്ചൻ വീട്ടിൽ ബാലകൃഷ്ണൻ- വിശാലാക്ഷി ദമ്പതികളുടെ മകനായ രാജേഷ് 16 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. കഴിഞ്ഞ ദിവസം മേലാറ്റൂരിൽ ട്രെയിനിറങ്ങിയ രാജേഷിന് മേലാറ്റൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. ഗോപകുമാർ ഹാരാർപ്പണം നടത്തി.
തുടർന്ന് ഇരിങ്ങാട്ടിരി നിലംപതി ക്ലബും നാട്ടുകാരും ചേർന്ന് ഘോഷയാത്രയോടെ ജന്മനാട്ടിലേക്ക് ആനയിച്ചു. തുടർന്ന് ഇരിങ്ങാട്ടിരി ജീനിയസ്, പുന്നക്കാട് ശ്രുതി, ഭവനംപറമ്പ് മൈത്രി എന്നീ ക്ലബുകളും ഭവനംപറമ്പ് ക്ഷേത്രം കമ്മിറ്റിയും രാജേഷിന് സ്വീകരണം നൽകി.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഒ.കെ. സൽമാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.പ്രമീള, എൻ.ടി. ഫൗസിയ , സി.എം. സുനിൽ, അനിൽ പ്രസാദ്, ടി.കെ. ജംഷീർ, ഫാ. ജോർജ് ആലുംമൂട്ടിൽ, മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മ പ്രതിനിധികളായ സന്തോഷ് മേലാറ്റൂർ, ശ്രീകുമാർ മേലാറ്റൂർ ജാഫീർ മേലാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു.