പള്ളിയിൽ മോഷണം: മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്
1458818
Friday, October 4, 2024 4:48 AM IST
കാളികാവ്: ജനൽ പൊളിച്ച് പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാളികാവ് പോലീസ് പിടികൂടി. ആസാം സ്വദേശി മൻജിൽ ഇസ്ലാം (27) എന്നയാളെയാണ് പോലീസ് പിടികൂടിയത്. കാളികാവ് വെന്തോടൻപടിയിലെ മസ്ജിദിൽ ഇന്നലെ പുലർച്ചെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസിട്ട ചെറിയ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. രാവിലെ പ്രഭാത നമസ്കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നെന്ന് ആദ്യം മനസിലാക്കിയത്. ഉടനെ കാളികാവ് പോലീസിനെ വിവരമറിയിച്ചു. എസ്ഐ വി. ശശിധരന്റെ നേതൃത്വത്തിൽ ഉടൻ പോലീസ് പള്ളിയിലെത്തുകയും ഒരു മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.
കാളികാവ് പുറ്റമണ്ണയിലെ ഒരു കടവരാന്തയിൽ നിന്നാണ് പ്രതി പിടിയിലാകുന്നത്. തുടർന്നു ചോദ്യം ചെയ്യലിൽ മോഷ്ടാവ് കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണം നടത്താൻ ഉപയോഗിച്ച ആയുധവും പ്രതിയുടെ കയ്യിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
കാളികാവ് സിഐ വി. അനീഷിന്റെ നിർദേശപ്രകാരം എസ്ഐ മാരായ വി. ശശിധരൻ, ഇല്ലിക്കൽ അൻവർ സാദത്ത്, എസ്സിപിഒ ക്ലിന്റ് ജേക്കബ്, സിപിഒ മാരായ വി. ബാബു, എം. കെ. മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.