ഗാന്ധിജയന്തി ദിനാചരണം: നാടെങ്ങും ശുചീകരണ, സേവന പ്രവര്‍ത്തനങ്ങള്‍
1458592
Thursday, October 3, 2024 4:01 AM IST
മലപ്പുറം: ജില്ലയില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. വിവിധയിടങ്ങള്‍ ശുചീകരിച്ചും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയും സാമൂഹിക, സംസ്കാരിക സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും സജീവമായിരുന്നു.
മഹാത്മാഗാന്ധി അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം പുതുതലമുറക്ക് പകര്‍ന്നുനല്‍കണമെന്ന് മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. ചടങ്ങില്‍ ചര്‍ക്കാങ്കിതമായ കോണ്‍ഗ്രസ് പതാക ഡിസിസി പ്രസിഡന്റ് ഉയര്‍ത്തുകയും ദേശരക്ഷാ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പി.സി. വേലായുധന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഗമങ്ങള്‍ നടത്തി. കെപിസിസി മെംബര്‍ വി.എസ്.എന്‍ നമ്പൂതിരി, ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. നൗഫല്‍ ബാബു, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഇസ്ഹാക്ക്, സത്യന് പൂക്കോട്ടൂര്‍, നാസര്‍ തെന്നല, പരി ഉസ്മാന്, കെ.എ. സുന്ദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ചേരി: അമ്പത് വാര്‍ഡുകളില്‍ ശുചീകരണ പ്രവൃത്തി നടത്തി മഞ്ചേരി നഗരസഭ. "ആരവം 2024’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പല്‍തല ഉദ്ഘാടനം സീതിഹാജി ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ നിര്‍വഹിച്ചു. 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ നടക്കുന്ന "മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിന്’ എന്ന പദ്ധതിയുടെ ഭാഗമായാണ് വാര്‍ഡുകള്‍തോറും ശൂചീകരണ പ്രവൃത്തി നടത്താന്‍ നഗരസഭ മുന്നിട്ടിറങ്ങിയത്.
കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലെ പ്രധാനസ്ഥലങ്ങളില്‍ വിപുലമായ രീതിയില്‍ ശൂചീകരണ പ്രവൃത്തി നടത്തി. സന്നദ്ധസംഘടനകള്‍, എന്‍സിസി, എന്‍എസ്എസ് കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, ക്ലബ് പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, പൊതുജനങ്ങളും യജ്ഞത്തില്‍ പങ്കാളികളായി. വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ചേരി യൂണിറ്റി വനിത കോളജ് എന്‍സിസി വോളണ്ടിയര്‍മാര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം മഞ്ചേരി ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, വൈസ് ചെയര്മാന് വി.പി. ഫിറോസ്, ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് റഹിം പുതു കൊള്ളി, മുനിസിപ്പല്‍ സെക്രട്ടറി സതീഷ് കുമാര്‍, ക്ലീന്‍സിറ്റി മാനേജര്‍ നുജൂം എന്നിവര്‍ പ്രസംഗിച്ചു.
എടക്കര: ഗാന്ധിജയന്തിയോടനുബന്ധിച്ച് എടക്കര ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡുകളിലെയും ജലസ്രോതസുകളും നീരുറവകളും തോടുകളും "തെളിനീരൊഴുകട്ടെ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ശുദ്ധീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പാലേമാട് വാര്‍ഡില്‍ പയമ്പ കോളനി തോട് ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് നിര്‍വഹിച്ചു.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരവും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഹരിത കര്‍മ സേനാംഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയാക്കി.
വാര്‍ഡുകളിലെ ബാലസഭകള്, അങ്കണവാടികള്‍, ശിശു വിഹാര്‍ എന്നിവ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്തിലെ മിനി എംസിഎഫുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏഴാം വാര്‍ഡില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കബീര്‍ പനോളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ. ബിജു, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: മാലിന്യമുക്തം നവകേരളം കാമ്പയിന് നിലമ്പൂര്‍ നഗരസഭയില്‍ ഒറ്റത്തവണ മാസ് ശുചീകരണ പ്രവൃത്തികള്‍ നഗരസഭയില്‍ തുടക്കമായി. ചെയര്മാന് മാട്ടുമ്മല്‍ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ പീവീസ് റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിലമ്പൂര്‍ ജംഗ്ഷന് പീവീസ് ആര്‍ക്കേഡ് മുതല്‍ വിട്ടിക്കുത്ത്, ചക്കാലക്കുത്ത് റോഡ് ശുചീകരിച്ചു. ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീം അധ്യക്ഷത വഹിച്ചു.
ജില്ലാ എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി. ഷാജു, മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയിന് സെക്രട്ടറിയറ്റ് അംഗം കെ. അരുണ്‍കുമാര്‍, നിലമ്പൂര്‍ നഗരസഭ ഹരിതകാന്തി നോഡല്‍ ഓഫീസര്‍ ആര്.പി. സുബ്രഹ്മണ്യന്, പീവീഎസ് റസിഡന്‍ഷ്യല്‍ സ്കൂള്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റര്‍ അംബിക മനോജ് എന്നിവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍ കോടതിപടിയില്‍ കനോലി പ്ലോട്ടിലെ തെരുവോര കച്ചവടക്കാരും നിലമ്പൂര്‍ ഗവണ്മെന്റ് കോളജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരും ചേര്‍ന്ന് കെഎന്‍ജി റോഡ് വടപുറം പാലം മുതല്‍ മോഡല്‍ യുപി സ്കൂള്‍ വരെ ശുചീകരിച്ചു.
കരുവാരകുണ്ട്: കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സന്ദേശയാത്ര നടത്തി. പുന്നക്കാട് ചുങ്കത്ത് നിന്ന് തുടങ്ങി കിഴക്കേതല ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. ആബിദലി ജാഥക്ക് നേതൃത്വം നല്കി. എ.പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറല്‍ സെക്രട്ടറി സലിം, കെപിസിസി സെക്രട്ടറി ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിസാം കരുവാരകുണ്ട്, ഡിസിസി മെംബര്‍ എന്‍.കെ. ഹമീദ്ഹാജി, എം.പി. വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.