വികസനകാര്യങ്ങളില്‍ അന്‍വറിന് അലംഭാവമെന്ന്; നിലമ്പൂരില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം
1458265
Wednesday, October 2, 2024 5:16 AM IST
നിലമ്പൂര്‍: വികസന പ്രശ്നങ്ങളില്‍ പി.വി. അന്‍വറിന് അലംഭാവമെന്ന് സിപിഎം നേതാക്കള്‍. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഎം നേതാക്കള്‍ അന്‍വറിനെതിരേ തുറന്നടിച്ചത്. പി.വി. അന്‍വര്‍ എംഎല്‍എക്കെതിരേ ഏഴിന് നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗവും റാലിയും സംഘടിപ്പിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, ടി.കെ. ഹംസ എന്നിവര്‍ പങ്കെടുക്കും.
നിലമ്പൂര്‍ ബൈപാസ് നിര്‍മാണം നീളാന്‍ കാരണം എംഎല്‍എയാണ്. പദ്ധതിക്കെതിരേയുള്ള തടസങ്ങള്‍ നീക്കാന്‍ എംഎല്‍എക്ക് സാധിച്ചില്ല. വന്യമൃഗശല്യം തടയാനുള്ള പദ്ധതിയും നടപ്പാക്കിയില്ല.കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്ക് പിതൃത്വം ഏറ്റെടുക്കാനും നടക്കാത്ത പദ്ധതികള്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനുമാണ് അന്‍വറിന്റെ ശ്രമം. അന്‍വര്‍ നിലമ്പൂരിലെ ജനങ്ങളെയും പാര്‍ട്ടിയെയും മുന്നണിയെയും വഞ്ചിച്ച് പുലഭ്യം പറയുകയാണ്.
ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിക്കുന്നത് തടഞ്ഞെന്നത് പച്ചക്കള്ളമാണ്. നിരവധി ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് നല്‍കിയിട്ടുണ്ട്. നിലമ്പൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയത് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്ദാസാണെന്ന എംഎല്‍എയുടെ ആരോപണം കള്ളത്തരമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തത് എംഎല്‍എയുടെ കഴിവ്കേടാണ്. തെരഞ്ഞെടുപ്പ് വിജയം വ്യക്തിപ്രഭാവമാക്കി മാറ്റുകയാണ് അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം സഹകരിച്ചില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.2021 ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പി.വി. അന്‍വര്‍ ആഫ്രിക്കയിലായിരുന്നു. എംഎല്‍എ ഇല്ലാതെ മുഖ്യമന്ത്രി എത്തുന്നത് അനൗചിത്യമായതിനാലാണ് ഒഴിവാക്കിയത്. എംഎല്‍എയെ കാണാനില്ലെന്ന് യുഡിഎഫ് പോലീസില്‍ പരാതി നല്കി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം എന്നടക്കം ആവശ്യപ്പെട്ടപ്പോള്‍ അന്‍വറിന് പ്രതിരോധം തീര്‍ത്തത് പാര്‍ട്ടിയും പ്രവര്‍ത്തകരുമാണ്.
വിവാദ പാര്‍ക്ക് വിഷയത്തില്‍ ഉള്‍പ്പെടെ പ്രതിരോധം ഉണ്ടായിരുന്നു. ആദര്‍ശ ധീരത പറയുന്ന അന്‍വര്‍ കൊലക്കേസിലും പ്രതിയായിട്ടുണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. കൂടുതല്‍ പാര്‍ട്ടിക്ക് എതിരേ രംഗത്ത് വന്നാല്‍ അന്‍വറിന്റെ കുടുംബ മഹിമ ഉള്‍പ്പെടെ പറയേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
നിലമ്പൂര്‍ ചന്തക്കുന്നില്‍ എംഎല്‍എ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഒറ്റ പാര്‍ട്ടി അംഗം പോലും പങ്കെടുത്തില്ല. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നി സംഘടനകളിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് ഉണ്ടായിരുന്നത്. നിലമ്പൂര്‍ ബൈപാസ് ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് കെ. ആന്റണി, നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്, എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവര്‍ പങ്കെടുത്തു.