പ്രളയത്തില്‍ വീടുകള്‍ തകർന്നിട്ട് ആറു വര്‍ഷം; ആനുകൂല്യം ഇതുവരെയും ലഭ്യമാകാതെ കുടുംബങ്ങൾ
1458145
Tuesday, October 1, 2024 8:28 AM IST
നിലമ്പൂര്‍:പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നിട്ട് ആറ് വര്‍ഷം. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ആനുകൂല്യം വൈകുന്നു. ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയന്‍പാറയില്‍ 2018ല്‍ ഉണ്ടായ പ്രളയത്തില്‍ ആറു പേര് മരിച്ചിരുന്നു.
ചെട്ടിയന്പാറക്ക് സമീപമുള്ള ആനക്കുളത്തെ 11 വീടുകളും അന്ന് ഭാഗികമായി തകര്‍ന്നിരുന്നു. ഇതില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ നല്‍കിയെങ്കിലും ആറ് കുടുംബങ്ങള്‍ക്ക് ഇനിയും സര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചിട്ടില്ല. മലപ്പുറം കളക്ടറേറ്റിലും നിലമ്പൂര്‍ താലൂക്കിലും കുടുംബങ്ങള്‍ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ലഭിച്ചില്ല.
അബു മലയന്കുളയന്, രജിത തെക്കേടത്ത്, തങ്കമ്മ ആലക്കല്‍, സുബൈദ ആനക്കല്ലന്‍, ലത ചേലക്കോടന്‍, സീത ചേലക്കോടന്‍ എന്നിവരുടെ കുടുംബങ്ങളാണ് ആറ് വര്‍ഷം മുമ്പ് പ്രളയത്തില്‍ ഭാഗികമായി നശിച്ച വീടുകളില്‍ കഴിയുന്നത്. ഇതില്‍ തങ്കമ്മ ആലക്കല്‍ മരണപ്പെട്ടു.
ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഏറനാട് എംഎല്‍എ പി.കെ.ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട ഈ കുടുംബങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവരോട് താന്‍ പലതവണ ആവശ്യപ്പെട്ടതാണ്.
നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചതാണ്. എന്നാൽ റീ ബില്‍ഡ് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഇത് നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ ഈ കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത് ഏതു സമയത്തും പൊളിഞ്ഞുവീഴാവുന്ന വീടുകളിലാണ്. വീടിന്റെ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആറ് വര്‍ഷമായിട്ടും നിലമ്പൂര്‍ താലൂക്ക് ഓഫീസിലേക്ക് ഇതേക്കുറിച്ച് അറിയാന്‍ വിളിച്ചാല്‍ ഫയല്‍ നോക്കട്ടെ എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കുടുംബങ്ങള്‍ പറയുന്നു. നടപടി എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല.