വയോജന ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
1458139
Tuesday, October 1, 2024 8:28 AM IST
മലപ്പുറം: മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും രാഷ്ട്രപുനര്‍നിര്‍മാണത്തിന് അവര്‍ നല്കിയ സംഭാവനകള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനുമായി ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വയോജനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല വയോജന ദിനാഘോഷവും വയോസേവന അവാര്‍ഡ് ദാനവും ഇന്ന് തിരൂരില്‍ നടക്കും. മുതിര്‍ന്ന പൗരരെ കര്മശേഷിയുള്ളവരായി നിലനിര്‍ത്തുന്നതിനും ഈ ലക്ഷ്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനുമുള്ള അവസരമായാണ് ദിനാചരണത്തെ കാണുന്നത്.
\
"അന്തസോടെ വാര്‍ധക്യം’ എന്ന ആശയമാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ വയോജനദിന പ്രമേയമായി മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്താകമാനം മുതിര്‍ന്ന പൗരര്‍ക്കായുള്ള പിന്തുണാസംവിധാനത്തെ ശാക്തീകരിക്കുന്നതും പൊതുലക്ഷ്യമായി ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.
സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിലാണ് സംസ്ഥാനതല പരിപാടികള്‍ നടക്കുന്നത്. രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷത വഹിക്കും. എം.പി അബ്ദുസമദ് സമദാനി എംപി, കുറുക്കോളി മൊയ്തീന് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വയോജന മേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സാമൂഹികനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡ് സമര്‍പ്പണവും മുതിര്‍ന്ന പൗരര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറും.